---
title: "ധർമ്മടം ബീച്ച് സെന്റർ  അടച്ചുപൂട്ടാനുള്ള ഡി.ടി.പി.സി ഉത്തരവിന് ഹൈക്കോടതി സ്റ്റേ."
english_title: "Dharmadam Tourism Centre Beach Park DTPC Order High Court Stay Shameer K Meenangadi Wayanad Contract Cancellation Security Deposit Revenue Recovery Rent Remission Carnival"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/393097/dharmadam-tourism-centre-beach-park-dtpc-order-high-court-stay-shameer-k-meenangadi-wayanad-contract-cancellation-security-deposit-revenue-recovery-rent-remission-carnival"
published_at: "2026-11-25T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0677d8a1974_dharmadam-tourism-centre-dtpc-order-high-court-stay.jpg"
keywords: ["Dharmadam Tourism Centre", "DTPC", "High Court Stay", "Shameer K", "Beach Park"]
---

# ധർമ്മടം ബീച്ച് സെന്റർ  അടച്ചുപൂട്ടാനുള്ള ഡി.ടി.പി.സി ഉത്തരവിന് ഹൈക്കോടതി സ്റ്റേ.

> **Lead Summary:** തലശ്ശേരി: കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള ധർമ്മടം ടൂറിസം സെന്റർ (ബീച്ച് പാർക്ക്) നടത്തിപ്പ് കരാർ റദ്ദാക്കി പാർക്ക് അടച്ചുപൂട്ടാൻ നിർദ്ദേശിച്ച ഡി.ടി.പി.സി നടപടി കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.

## Article Content

തലശ്ശേരി: കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള ധർമ്മടം ടൂറിസം സെന്റർ (ബീച്ച് പാർക്ക്) നടത്തിപ്പ് കരാർ റദ്ദാക്കി പാർക്ക് അടച്ചുപൂട്ടാൻ നിർദ്ദേശിച്ച ഡി.ടി.പി.സി നടപടി കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.

പാർക്ക് നടത്തിപ്പുകാരനും വയനാട് മീനങ്ങാടി സ്വദേശിയുമായ ഷമീർ കെ. സമർപ്പിച്ച റിട്ട് ഹർജിയിലാണ് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 2024 സെപ്റ്റംബർ 6 മുതൽ 2027 സെപ്റ്റംബർ 5 വരെ മൂന്ന് വർഷത്തേക്കാണ് ധർമ്മടം ടൂറിസം സെന്ററിന്റെ നടത്തിപ്പും പരിപാലനവും കരാർ അടിസ്ഥാനത്തിൽ ഹർജിക്കാരൻ ഏറ്റെടുത്തിരുന്നത്.

എന്നാൽ, കരാറുകാരന്റെ ഭാഗത്തുനിന്നുള്ള അപേക്ഷകൾ പരിഗണിക്കാതെ 2026 നവംബർ 18-ന് ഡി.ടി.പി.സി ഏകപക്ഷീയമായി കരാർ റദ്ദാക്കുകയും സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടാനും റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കാനും ഉത്തരവിടുകയുമായിരുന്നു.

കരാർ കാലയളവിൽ കനത്ത കാലവർഷവും റെഡ് അലർട്ട് മുന്നറിയിപ്പുകളും കാരണം സർക്കാർ നിർദ്ദേശപ്രകാരം പാർക്ക് പലതവണ അടച്ചിടേണ്ടി വന്നിട്ടുണ്ടെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതുവഴി കടുത്ത സാമ്പത്തിക നഷ്ടം നേരിട്ടതിനാൽ പ്രസ്തുത ദിവസങ്ങളിലെ വാടകയിൽ ആനുപാതികമായ ഇളവ് (Rent Remission) നൽകണമെന്ന് പലതവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും അധികൃതർ മറുപടി നൽകിയില്ല.

പാർക്ക് ഏറ്റെടുക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ തകർന്ന നിലയിലായിരുന്നുവെന്നും സ്വന്തം ചെലവിൽ അറ്റകുറ്റപ്പണികൾ നടത്തിയാണ് പാർക്ക് പ്രവർത്തനസജ്ജമാക്കിയതെന്നും ഹർജിയിൽ പറയുന്നു. തുടർന്നും അനിവാര്യമായ അറ്റകുറ്റപ്പണികൾ നടത്താൻ അനുമതി തേടിയെങ്കിലും ഡി.ടി.പി.സി പ്രതികരിച്ചില്ല. കൂടാതെ, വാർഷിക വാടകയുടെ പകുതി തുക അടച്ചിട്ടുള്ളതും, അർഹമായ വാടക ഇളവുകൾ കഴിച്ച് ബാക്കിയുള്ള കുടിശ്ശിക തവണകളായി അടച്ചുതീർക്കാൻ തയ്യാറാണെന്ന് രേഖാമൂലം അറിയിച്ചിട്ടുള്ളതുമാണെന്ന് ഹർജിക്കാരൻ വ്യക്തമാക്കി.

വരും ദിവസങ്ങളിൽ കോളേജുകളുടെയും പൊതുജനങ്ങളുടെയും നിരവധി പരിപാടികൾ പാർക്കിൽ ബുക്ക് ചെയ്തിട്ടുണ്ട്. കൂടാതെ ഡിസംബർ 18 മുതൽ ജനുവരി 3 വരെ നടക്കുന്ന 'ധർമ്മടം ഐലൻഡ് കാർണിവലിനായി' വൻ തുക ചെലവഴിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയാണ്. പാർക്കിൽ പെറ്റ് ഷോയുടെ ഭാഗമായി അലങ്കാരപ്പക്ഷികളും , ചെറുകിട കച്ചവടക്കാരും ജീവനക്കാരും പ്രവർത്തിക്കുന്നുണ്ടെന്നും, മുന്നറിയിപ്പില്ലാതെ ഏകപക്ഷീയമായി പാർക്ക് അടച്ചുപൂട്ടുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്കും നിയമപ്രശ്നങ്ങൾക്കും കാരണമാകുമെന്നുമുള്ള ഹർജിക്കാരന്റെ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി വിധി. ഹർജിക്കാരന് വേണ്ടി എറണാകുളം ജൂറിസ് ജീനിയസ് ലോ ഹൗസിന്റെ അഭിഭാഷകരാണ് കോടതിയിൽ ഹാജരായത്.

English Summary: The Kerala High Court stayed the DTPC action directing cancellation of the operation contract and closure of the Dharmadam Tourism Centre (Beach Park) under the Kannur District Tourism Promotion Council. The interim order was on a writ petition filed by park operator Shameer K., a native of Meenangadi, Wayanad. He had taken over the operation and maintenance of the Dharmadam Tourism Centre on contract for three years from September 6, 2024 to September 5, 2027. However, without considering the contractor's applications, on November 18, 2026, DTPC unilaterally cancelled the contract and ordered confiscation of the security deposit and revenue recovery proceedings. The petitioner pointed out that during the contract period, due to heavy monsoon and red alert warnings, the park had to be closed several times as per government instructions. Despite repeated written requests for proportionate remission in rent for those days due to severe financial loss, authorities did not reply. The petition says that when the park was taken over, basic facilities were in a dilapidated condition and it was made operational by carrying out repairs at his own expense. He also stated that half of the annual rent has been paid and he is ready to pay the remaining dues in installments after deducting eligible rent concessions. Many programmes of colleges and the public are booked in the park in the coming days. Preparations are underway spending a huge amount for the 'Dharmadam Island Carnival' from December 18 to January 3. The High Court accepted the petitioner's arguments that unilateral closure of the park without warning would cause huge financial liability and legal problems. Advocates of Ernakulam Juris Genius Law House appeared for the petitioner.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/393097/dharmadam-tourism-centre-beach-park-dtpc-order-high-court-stay-shameer-k-meenangadi-wayanad-contract-cancellation-security-deposit-revenue-recovery-rent-remission-carnival)