---
title: "ക്രിസ്മസ് - ന്യൂ ഇയർ കാർണിവലിന് ധർമടം ഐലൻഡ് ഒരുങ്ങുന്നു; കൊച്ചി കണ്ട ആഘോഷം ഇനി തലശ്ശേരിയിലും"
english_title: "Dharmadam Island Carnival Christmas New Year Thalassery Dec 18 to Jan 3 Pinarayi Vijayan Logo Launch 17 Days"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/393668/dharmadam-island-carnival-christmas-new-year-thalassery-dec-18-jan-3"
published_at: "2026-11-29T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0bad66b1dc6_dharmadam-island-carnival-christmas-new-year-thalassery-dec-18-jan-3.jpg"
keywords: ["Dharmadam Island Carnival", "Christmas New Year", "Thalassery", "Pinarayi Vijayan", "Island Carnival"]
---

# ക്രിസ്മസ് - ന്യൂ ഇയർ കാർണിവലിന് ധർമടം ഐലൻഡ് ഒരുങ്ങുന്നു; കൊച്ചി കണ്ട ആഘോഷം ഇനി തലശ്ശേരിയിലും

> **Lead Summary:** > തലശ്ശേരി: കൊച്ചിയിലും മറ്റ് വലിയ നഗരങ്ങളിലും മാത്രം കണ്ടിരുന്ന ക്രിസ്മസ് - ന്യൂ ഇയർ കാർണിവൽ ഈ വർഷം തലശ്ശേരിയിലേക്കും എത്തുന്നു. ധർമടം ഐലൻഡിൽ ഒരുങ്ങുന്ന "ഐലൻഡ് കാർണിവൽ" തലശ്ശേരിക്ക് മാത്രമല്ല, മലബാറിന് തന്നെ പുതിയൊരു ആഘോഷാനുഭവമാകും.

## Article Content

> തലശ്ശേരി: കൊച്ചിയിലും മറ്റ് വലിയ നഗരങ്ങളിലും മാത്രം കണ്ടിരുന്ന ക്രിസ്മസ് - ന്യൂ ഇയർ കാർണിവൽ ഈ വർഷം തലശ്ശേരിയിലേക്കും എത്തുന്നു. ധർമടം ഐലൻഡിൽ ഒരുങ്ങുന്ന "ഐലൻഡ് കാർണിവൽ" തലശ്ശേരിക്ക് മാത്രമല്ല, മലബാറിന് തന്നെ പുതിയൊരു ആഘോഷാനുഭവമാകും.

പരിപാടിയുടെ ഒഫീഷ്യൽ ലോഗോ പ്രകാശനം മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ധർമടം എം.എൽ.എയുമായ പിണറായി വിജയൻ നിർവഹിച്ചു.

ഡിസംബർ 18 മുതൽ ജനുവരി 3 വരെയാണ് ഐലൻഡ് കാർണിവൽ നടക്കുന്നത്. 17 ദിവസം നീളുന്ന ആഘോഷത്തിൽ അലങ്കാര വർണങ്ങളും സംഗീതരാവുകളും നൃത്തച്ചുവടുകളും എല്ലാമായി ഉത്സവരാവുകൾ ഒരുക്കും.

കടലും തീരവും ചേർന്നുനിൽക്കുന്ന ധർമടം ഐലൻഡിന്റെ സൗന്ദര്യം തന്നെയാണ് കാർണിവലിന്റെ ഏറ്റവും വലിയ ആകർഷണം. വൈകുന്നേരമാകുമ്പോൾ വർണവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന ദ്വീപും, കടൽക്കാറ്റും, സംഗീതവും, രുചിക്കൂട്ടുകളും ചേർന്ന് സന്ദർശകർക്ക് മറക്കാനാവാത്ത അനുഭവമാകും ഇത് സമ്മാനിക്കുക.

കുടുംബവുമായി ഒത്തുകൂടാനും, സുഹൃത്തുക്കളോടൊപ്പം പുതുവർഷത്തെ വരവേൽക്കാനും, തലശ്ശേരിയുടെ രുചിയും കലയും സംസ്കാരവും ഒരുമിച്ച് ആസ്വദിക്കാനുമുള്ള ഒരിടമായി ഐലൻഡ് കാർണിവൽ മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങൾക്ക് ഇനി ദൂരനഗരങ്ങളിലേക്ക് പോകേണ്ട. ഈ ഡിസംബറിൽ ആഘോഷം നമ്മുടെ സ്വന്തം ധർമടം ഐലൻഡിൽ തന്നെയുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/393668/dharmadam-island-carnival-christmas-new-year-thalassery-dec-18-jan-3)