---
title: "ഗ്രീൻ തലശ്ശേരി; കുട്ടി പൊലീസുകാർ ഇറങ്ങി ജവാഹർഘട്ട് പരിസരത്തെ കാട് നീങ്ങി"
english_title: "Green Thalassery, Jawahar Ghat"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/91923/green-thalassery-jawahar-ghat"
published_at: "2023-01-23T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce38c360c77_be569241-abf7-42f1-a202-aaf6ce667b1f.jpeg"
keywords: []
---

# ഗ്രീൻ തലശ്ശേരി; കുട്ടി പൊലീസുകാർ ഇറങ്ങി ജവാഹർഘട്ട് പരിസരത്തെ കാട് നീങ്ങി

> **Lead Summary:** തലശ്ശേരി: കുട്ടി പൊലീസുകാർ ഇറങ്ങി ജവാഹർഘട്ട് പരിസരത്തെ കാട് നീങ്ങി .

## Article Content

തലശ്ശേരി: കുട്ടി പൊലീസുകാർ ഇറങ്ങി ജവാഹർഘട്ട് പരിസരത്തെ കാട് നീങ്ങി .

കാടുപിടിച്ച് കിടക്കുന്ന ജവാഹർഘട്ട് പരിസരം സ്കൂൾ വിദ്യാർഥികളും നഗരസഭാ ശുചീകരണ തൊഴിലാളികളും ചേർന്ന് വൃത്തിയാക്കി. മാലിന്യവും ചപ്പുചവറും നീക്കംചെയ്തതോടെ ജവാഹർഘട്ട്‌ മനോഹരമായി.

തലശ്ശേരി കോട്ടയും പരിസരവും ശുചീകരിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങൾ വൃത്തിയാക്കി ജനങ്ങളെ ആകർഷിക്കുന്നതിനുള്ള ‘ഗ്രീൻ തലശ്ശേരി’ പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്.

എൻ.എസ്.എസ്., എസ്.പി.സി. വിദ്യാർഥികൾ, ഗ്രീൻ തലശ്ശേരി ഗ്രൂപ്പിലെ അംഗങ്ങൾ, ആർക്കിയോളജിക്കൽ ജീവനക്കാർ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.

സബ്കളക്ടർ സന്ദീപ്കുമാറും നഗരസഭാ ചെയർപേഴ്‌സൺ കെ.എം.ജമുനാറാണിയും മാലിന്യം നീക്കാൻ ഇവരൊടൊപ്പം ചേർന്നു. ഉത്തരവാദിത്വ വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി നഗരത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ മാസത്തിൽ രണ്ടു തവണ വൃത്തിയാക്കലാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസം സബ്കളക്ടർ ഓഫിസിൽ നടന്ന യോഗത്തിലാണ് പദ്ധതി വീണ്ടും തുടങ്ങാൻ തീരുമാനിച്ചത്. ശനിയാഴ്ച രാവിലെ എട്ടിന് തുടങ്ങിയ ശുചീകരണം 11വരെ നീണ്ടു. ബ്രണ്ണൻ, സെയ്ന്റ്‌ ജോസഫ്‌സ്, സേക്രഡ്ഹാർട്ട്, തിരുവങ്ങാട്, ചിറക്കര, ബി.ഇ.എം.പി. എന്നീ സ്കൂൾ വിദ്യാർഥികൾ ശുചീകരണത്തിൽ പങ്കെടുത്തു. 28-ന് കടൽപ്പാലം വൃത്തിയാക്കും.

വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്നവരിൽ പലരും ഉപയോഗിച്ചശേഷമുള്ള വസ്തുക്കൾ അലക്ഷ്യമായി തള്ളുകയാണ്. ഇത് പലസ്ഥലത്തും കൂട്ടിയിട്ടിരിക്കുകയാണ്.

ഇതിനൊരു മാറ്റമാണ് ‘ഗ്രീൻ തലശ്ശേരി’യിലൂടെ ലക്ഷ്യമിടുന്നത്. ‘എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം’ എന്ന സന്ദേശം നൽകിയാണ് ശുചീകരണം നടത്തുന്നത്. സ്പീക്കർ എ.എൻ.ഷംസീറാണ് ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത്.

സബ്കളക്ടറായിരുന്ന അനുകുമാരിയും നഗരസഭയ്ക്കൊപ്പം ഈ ആശയം പ്രാവർത്തികമാക്കാൻ മുന്നിട്ടിറങ്ങി. നേരത്തേ തുടങ്ങിയ പദ്ധതി ഇടയ്ക്ക് നിലച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/91923/green-thalassery-jawahar-ghat)