---
title: "ഓൺലൈൻ തട്ടിപ്പ് ;  പെരിങ്ങാടിയിലെ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ ലക്ഷത്തിലേറെ രൂപ "
english_title: "A housewife in Peringadi lost more than one quarter lakh rupees due to online marketing"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/96241/a-housewife-in-peringadi-lost-more-than-one-quarter-lakh-rupees-due-to-online-marketing"
published_at: "2023-02-11T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e71aa2a74f0_Untitled-1_copy.jpg"
keywords: []
---

# ഓൺലൈൻ തട്ടിപ്പ് ;  പെരിങ്ങാടിയിലെ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ ലക്ഷത്തിലേറെ രൂപ 

> **Lead Summary:** ന്യൂമാഹി: ഓൺലൈൻ മാർക്കറ്റിംഗിന്റെ പേരിൽ സമ്മാന തട്ടിപ്പ് നടത്തുന്നതായി പരാതി. തട്ടിപ്പിനിരയായി കബളിപ്പിക്കപ്പെട്ട പെരിങ്ങാടിയിലെ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ ലക്ഷത്തിലേറെ രൂപ.

## Article Content

ന്യൂമാഹി: ഓൺലൈൻ മാർക്കറ്റിംഗിന്റെ പേരിൽ സമ്മാന തട്ടിപ്പ് നടത്തുന്നതായി പരാതി. തട്ടിപ്പിനിരയായി കബളിപ്പിക്കപ്പെട്ട പെരിങ്ങാടിയിലെ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ ലക്ഷത്തിലേറെ രൂപ.

പെരിങ്ങാടി തൗബ മൻസിലിൽ ആമിനാ നൗഷാദാണ് തട്ടിപ്പിനിരയായത്. ഓൺ ലൈൻ സ്ഥാപനത്തിലൂടെ സാധനങ്ങൾ വാങ്ങുന്ന ആമിനാ നൗഷാദിന്റെ പേരിൽ ഏതാനും ദിവസം മുൻപ് ഒരു രജിസ്ട്രേഡ് കവർ കിട്ടി. തുറന്ന് നോക്കിയപ്പോൾ സ്ക്രാച്ച് ആൻഡ് വിൻ കൂപ്പൺ കിട്ടി.

ചുരണ്ടി നോക്കിയപ്പോൾ 13,50,000 രൂപ സമ്മാനമുണ്ടായിരുന്നു. അതിൽ കാണപ്പെട്ട വാട്സ് അപ് നമ്പറിൽ തെളിവു കൾ അയച്ചു നൽകിയപ്പോൾ മറുപടി മറ്റൊരു നമ്പറിൽ നിന്നും വന്നു. സമ്മാനസംഖ്യയുടെ ഒരു ശതമാനം ഉടൻ അയക്കണമെന്നായിരുന്നു സന്ദേശം. 1,27,100 രൂപ വരെ വിവിധ ഗഡുക്കളായി അയച്ചു നൽകിയെങ്കിലും, സമ്മാനം മാത്രം വന്നില്ല. വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് 1, 21,500 പ വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് ഇത് തട്ടിപ്പാണെന്നും താൻ വഞ്ചിക്കപ്പെട്ടതായും വീട്ടമ്മ തിരിച്ചറിഞ്ഞത്.

വൈകാതെ ന്യൂ മാഹി പൊലീസിൽ പരാതിപ്പെടുക യായിരുന്നു. അന്വേഷണത്തിൽ തട്ടിപ്പിന്റെ സൂത്രധാരൻ മലയാളിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇൻസ്പെക്ടർ പി.വി. രാജന്റെ മേൽ നോട്ടത്തിൽ പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പത്തിനാണ് അന്വേഷണ ചുമതല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/96241/a-housewife-in-peringadi-lost-more-than-one-quarter-lakh-rupees-due-to-online-marketing)