---
title: "ആർക്കും വേണ്ടാത്ത ഒന്നായി ജനാധിപത്യം മാറാനനുവദിച്ചുകൂടെന്ന്  കെ.ജയകുമാർ ഐ എ എസ് ; മാറുന്ന മാധ്യമ ലോകം വിഷയത്തിൽ പടയണി സെമിനാർ സംഘടിപ്പിച്ചു.  "
english_title: "*Don't allow democracy to become something that no one wants K. Jayakumar IAS;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/96335/dont-allow-democracy-to-become-something-that-no-one-wants-k-jayakumar-ias"
published_at: "2023-02-11T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e773e3f0cf4_f6cfc511-61a3-4e91-ba32-e3682dfc3c7d.jpg"
keywords: []
---

# ആർക്കും വേണ്ടാത്ത ഒന്നായി ജനാധിപത്യം മാറാനനുവദിച്ചുകൂടെന്ന്  കെ.ജയകുമാർ ഐ എ എസ് ; മാറുന്ന മാധ്യമ ലോകം വിഷയത്തിൽ പടയണി സെമിനാർ സംഘടിപ്പിച്ചു.  

> **Lead Summary:** തലശ്ശേരി: നവകേരള നിർമ്മിതിയിൽ മാത്രമല്ല, സമൂഹത്തിന് നൂതനമായ കാഴ്ചപ്പാടും പ്രതിക്ഷകളുമേകാനും ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമായിരുന്നു പ്രമുഖ മാധ്യമ സ്ഥാപനങ്ങളെല്ലാം തുടങ്ങിയത്.സമൂഹത്തിന് ദിശാബോധവും, ധാർമ്മികതയും പകർന്നേകാൻ മാധ്യമങ്ങൾക്ക് സാധിക്കണമെന്ന് കെ.ജയകുമാർ ഐ.എ.എസ് അഭിപ്രായപ്പെട്ടു.

## Article Content

തലശ്ശേരി: നവകേരള നിർമ്മിതിയിൽ മാത്രമല്ല, സമൂഹത്തിന് നൂതനമായ കാഴ്ചപ്പാടും പ്രതിക്ഷകളുമേകാനും ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമായിരുന്നു പ്രമുഖ മാധ്യമ സ്ഥാപനങ്ങളെല്ലാം തുടങ്ങിയത്.സമൂഹത്തിന് ദിശാബോധവും, ധാർമ്മികതയും പകർന്നേകാൻ മാധ്യമങ്ങൾക്ക് സാധിക്കണമെന്ന് കെ.ജയകുമാർ ഐ.എ.എസ് അഭിപ്രായപ്പെട്ടു.

അധികാര ഗർവിനോട് സത്യം വിളിച്ചു പറയാൻ മുട്ടടിക്കുന്ന ഒരു പത്രം എന്തിനാണ് നിലനിൽക്കുന്നത്? സമൂഹത്തിൻ്റെ അടിസ്ഥാന പ്രശ്നങ്ങൾ അധികാരിവർഗ്ഗത്തിൻ്റെ മുന്നിലെത്തിക്കാൻ കഴിയണം. ഉദ്യോഗസ്ഥരുടെ അഴിമതിയും അഹങ്കാരവും കൊണ്ട് ആത്മഹത്യ ചെയ്തവർ എത്രയെങ്കിലും പേർ നമ്മുടെ നാട്ടിലുണ്ട്.

പരാധികാരം ദുഷിച്ചു പോകാതിരിക്കാനാണ് മാധ്യമങ്ങൾ തിരുത്തൽ ശക്തിയായി വർത്തിക്കേണ്ടത്. സാങ്കേതിക വിദ്യയുടെ കരുത്ത് കൊണ്ട് സാധാരണക്കാരൻ്റെ അവകാശങ്ങൾ സംരക്ഷിക്കാനാവണം. ഭീരുത്വം കൊണ്ട് വിട്ടുവീഴ്ച ചെയ്യുന്ന മുഖ്യധാര പത്രങ്ങളെ നേർവഴിക്ക് നയിക്കുവാൻ സാധാരണക്കാരൻ്റെ കൈകളിലുള്ള ശാസത്ര സാങ്കേതിക വിവരവിനിമയ സൗകര്യങ്ങൾ കൊണ്ടാവുമെന്ന പ്രതീക്ഷയും നഷ്ടമായിരിക്കുന്നു.

ആട്ടിനെ പേപ്പട്ടിയാക്കുന്ന കാലമാണിത്.തിൻമയുടെ കൈയ്യിലെ കളിപ്പാട്ടമായി മാധ്യമ രംഗം മാറിക്കൊണ്ടിരിക്കുന്നു. സത്യം ഇന്ന് ഏറെ അകലെയായി മാറിയിരിക്കുന്നു. വിട്ടുവീഴ്ചകൾ പെയ്യേണ്ടി വന്നാലും മാനവികത കൈവിട്ടു കൂടാ.  നൈതികതയെന്നത് മാനവികത തന്നെയാണ്.  അധികാരമുള്ളവൻ്റെ പ്രിയതരങ്ങൾ മാത്രം വിളിച്ചു പറയാനുള്ളതാണോ മാധ്യമ പ്രവർത്തനം.ആർക്കൊക്കെയോ ആരെയൊക്കെയോ ഭയമാണ്. കുടിലതയും ഭയവും നാടിനെ നശിപ്പിക്കുമെന്ന് വിളിച്ചു പറഞ്ഞത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. നമ്മുടെ മൗലിക അവകാശങ്ങൾ നിഷ്ക്രിയമായ ആസ്തിയായി മാറിക്കൂടാ.ഓരോ പൗരനും മൗലിക അവകാശങ്ങളുടെ സംരക്ഷണത്തിന് ബാദ്ധ്യതയുണ്ടെന്ന് വിസ്മരിച്ചു കൂടാ. നാം ജനാധിപത്യവാദിയാണെങ്കിൽ അത് വീട്ടിലും നാട്ടിലും നടപ്പിലാക്കണം.

പ്രിയ പദങ്ങളിൽ പൊതിഞ്ഞ് അപ്രിയ സത്യങ്ങൾ വിളിച്ചു പറയാനാണ് ഞാൻ സർവ്വീസ് ജീവിതകാലത്ത് ശ്രമിച്ച് വന്നത്.പ്രതികരണങ്ങളിൽ നിന്നു പോലും നമ്മൾ പിൻ വാങ്ങുകയാണ്. രാഷ്ട്രീയത്തിൽ തനിക്ക് മിത്രങ്ങളെയുള്ളൂവെന്നും, സ്നേഹം മാത്രമേ എവിടെ നിന്നും ലഭിച്ചിട്ടുള്ളൂവെന്നും ജയകുമാർ പറഞ്ഞു. അപ്രിയ സത്യങ്ങൾ പ്രിയ തരമായി പറയാനാവു. അപ്രിയ സത്യങ്ങളാണെങ്കിലും അവയൊന്നും ഒരിക്കലും പറയാതിരുന്നിട്ടില്ല. ഉദ്യോഗത്തിൽ രാഷ്ട്രീയം കളിക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാവുന്നത് പത്രമില്ലാത്ത പത്രപ്രവർത്തകരും പത്രമുള്ള പ്രവർത്തനമില്ലാത്ത പത്രപ്രവർത്തകരും നമുക്കിടയിലുണ്ട്.

മാധ്യമങ്ങളിൽ എഴുതുന്നത് മൂലം നമ്മൾ അപ്ഡേറ്റ് ചെയ്യപ്പെടും. നൈതിക, മാനവിക നിയമപ്രശ്നങ്ങളിൽ നമ്മൾ ജാഗരുകരാവും. മന:സമാധാനത്തോടെ കിടന്നുറങ്ങണമെന്നതിനാൽ ചാനലിലെ അന്തിചർച്ച കാണാറില്ല. ചടങ്ങിൽ കെ.പി.മോഹനൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.

ഫാദർ മനോജ് ഒറ്റപ്ലാക്കൽ പടയണി സുവർണ ജൂബിലി പതിപ്പ്, നഗരസഭാ ചെയർപേഴ്സൺ കെ.എം ജമുനാ റാണിക്ക് കൈമാറി. പ്രൊഫ: എ.പി.സുബൈർ മോഡറേറ്ററായി.. നവാസ് മേത്തർ, അനിഷ് പാതിരിയാട്,  പി എം അഷ്റഫ് , ശശികുമാർ കല്ലിടുംബിൽ തുടങ്ങിയവർ സംസാരിച്ചു. ചാലക്കര പുരുഷു സ്വാഗതവും, കെ.പി.ഷീജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/96335/dont-allow-democracy-to-become-something-that-no-one-wants-k-jayakumar-ias)