---
title: "ടി.പി. വധക്കേസ്‌ പ്രതിയുടെ വെളിപ്പെടുത്തൽ; തുടരന്വേഷണ കേസിൽ 11 സി.പി.എം. പ്രവർത്തകരെ വെറുതെവിട്ടു "
english_title: "TP  Disclosure of the accused in the murder case;In the further investigation case, 11 C.P.M.The workers were fired"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/97126/tp-disclosure-of-the-accused-in-the-murder-casein-the-further-investigation-case-11-cpmthe-workers-were-fired"
published_at: "2023-02-15T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec6bb0226d8_Untitled-1_copy.jpg"
keywords: []
---

# ടി.പി. വധക്കേസ്‌ പ്രതിയുടെ വെളിപ്പെടുത്തൽ; തുടരന്വേഷണ കേസിൽ 11 സി.പി.എം. പ്രവർത്തകരെ വെറുതെവിട്ടു 

> **Lead Summary:** **തലശ്ശേരി:** ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ പ്രതിയായ ടി.കെ. രജീഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് തുടരന്വേഷണം നടത്തി മൂന്ന് പ്രതികളെകൂടി ഉൾപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതേവിട്ടു.

## Article Content

**തലശ്ശേരി:** ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ പ്രതിയായ ടി.കെ. രജീഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് തുടരന്വേഷണം നടത്തി മൂന്ന് പ്രതികളെകൂടി ഉൾപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതേവിട്ടു.

പിണറായിയിൽ ബി.ജെ.പി. പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ 11 സി.പി.എം. പ്രവർത്തകരെയാണ് തലശ്ശേരി പ്രിൻസിപ്പൽ അസി. സെഷൻസ് കോടതി വെറുതേവിട്ടത്. പുത്തൻകണ്ടം സ്വദേശി മാണിക്കോത്ത് ഹൗസിൽ എം. പ്രേംജിത്ത്, സുഹൃത്ത് കേളാലൂരിലെ എം.പി. ഷർമിത് എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

ആദ്യഘട്ടത്തിൽ എട്ട് പ്രതികളുണ്ടായിരുന്ന കേസിൽ തുടരന്വേഷണശേഷം മൂന്നുപേർകൂടി പ്രതികളായി. 2014-ലാണ് തുടരന്വേഷണം നടത്തിയത്. പാട്യം പത്തായക്കുന്നിലെ ടി.കെ. രജീഷ്, കൂത്തുപറമ്പ് പഴയനിരത്തിലെ പി.എം. മനോരാജ് എന്ന നാരായണൻ, അരയാക്കൂലിലെ ജൻമിന്റവിടെ ബിജു എന്നിവരെയാണ് പ്രതികളായി കൂട്ടിച്ചേർത്തത്.

സി.പി.എം. പിണറായി ലോക്കൽ കമ്മിറ്റി അംഗങ്ങളായ കോയിപ്രത്ത് രാജൻ, കെ.കെ. പ്രദീപൻ, സി.പി.എം. പ്രവർത്തകരായ പിണറായിലെ പൂവാടൻ ശ്രീജേഷ്, പുത്തൻകണ്ടത്തെ ചെറുവളത്ത് ഷിജു, എരുവട്ടിയിലെ മയിലാട്ടിൽ സനീഷ്, പാനുണ്ടയിലെ മാണിയത്ത് പ്രദീപൻ, പന്തീരാംകുന്നത്ത് ലജീഷ്, പുതുക്കുടി പ്രദീപൻ എന്നിവരെയും പിന്നീട് പ്രതികളാക്കിയ മൂന്നുപേരെയുമാണ് വെറുതേവിട്ടത്. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. വിനോദ് കുമാർ ചമ്പളോൻ, അഡ്വ. വി.പി. രഞ്ജിത്ത്, അഡ്വ. എൻ.ആർ. ഷാനവാസ് എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/97126/tp-disclosure-of-the-accused-in-the-murder-casein-the-further-investigation-case-11-cpmthe-workers-were-fired)