---
title: "കാറൽ മാർക്സ് - ഏംഗൽസ്, ചെഗുവേര - ഫിദൽ കാസ്ട്രോ, എ.കെ.ജി - ഇ.എം.സ് കൂട്ടുകെട്ട് പോലെയായിരുന്നു കോടിയേരിയും -  പിണറായിയുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ; അണ്ടല്ലൂരിൽ  കോടിയേരി സ്മൃതി ചിത്രപ്രദർശനത്തിന് തുടക്കം"
english_title: "Speaker Adv. A. N. Shamseer said that Kodiyeri and Pinarayi were like the alliance of Karel Marx - Engels, Che Guevara - Fidel Castro, AKG - EMS;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/97899/speaker-adv-a-n-shamseer-said-that-kodiyeri-and-pinarayi-were-like-the-alliance-of-karel-marx-engels-che-guevara-fidel-castro-akg-ems"
published_at: "2023-02-18T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f06f37c1661_20f962d1-adc3-4fc2-926b-7933dfae4bd2.jpg"
keywords: []
---

# കാറൽ മാർക്സ് - ഏംഗൽസ്, ചെഗുവേര - ഫിദൽ കാസ്ട്രോ, എ.കെ.ജി - ഇ.എം.സ് കൂട്ടുകെട്ട് പോലെയായിരുന്നു കോടിയേരിയും -  പിണറായിയുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ; അണ്ടല്ലൂരിൽ  കോടിയേരി സ്മൃതി ചിത്രപ്രദർശനത്തിന് തുടക്കം

> **Lead Summary:** സഹനത്തിൻ്റെയും, ക്ഷമയുടെയും മുഖമായിരുന്നു കോടിയേരിയെന്ന് സ്പീക്കർ അഡ്വ. എ.എൻ ഷംസീർ. അണ്ടല്ലൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മൾട്ടിമീഡിയാ ആർട്ടിസ്റ്റ് ഫോറം സംഘടിപ്പിച്ച നാലു ദിവസം നീളുന്ന കോടിയേരി സ്മൃതി ചിത്ര ഫോട്ടോ -എൽ.ഇ.ഡി. പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.

## Article Content

സഹനത്തിൻ്റെയും, ക്ഷമയുടെയും മുഖമായിരുന്നു കോടിയേരിയെന്ന് സ്പീക്കർ അഡ്വ. എ.എൻ ഷംസീർ. അണ്ടല്ലൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മൾട്ടിമീഡിയാ ആർട്ടിസ്റ്റ് ഫോറം സംഘടിപ്പിച്ച നാലു ദിവസം നീളുന്ന കോടിയേരി സ്മൃതി ചിത്ര ഫോട്ടോ -എൽ.ഇ.ഡി. പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.

ഏത് സമയത്തും, ഏത് സാധാരണക്കാരനും സമീപിക്കാവുന്ന രാഷ്ട്രീയ നേതാവായിരുന്നു കോടിയേരി. രണ്ടാമത്തെ ഇടതു സർക്കാർ അധികാരത്തിലെത്തുന്നതിൽ കോടിയേരി പ്രധാന പങ്കു വഹിച്ചു. കാറൽ മാർക്സ് - ഏംഗൽസ് , ചെഗുവേര - ഫിദൽ കാസ്ട്രോ, എ കെ ജി - ഇ എം എസ് കൂട്ടുകെട്ട് പോലെയായിരുന്നു പിണറായിയും - കോടിയേരിയും. ഒരാൾ മനസിൽ കാണുമ്പോൾ മറ്റേയാളത് പ്രവർത്തിച്ചിരുന്നു. യുവതലമുറയിലെ പൊതുപ്രവർത്തകരെ കണ്ടെത്തുന്നതിലും അനിതരസാധാരണമായ കഴിവ് കോടിയേരിക്കുണ്ടായിരുന്നതായും സ്പീക്കർ പറഞ്ഞു. തലശേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി. അനിൽ അധ്യക്ഷനായി. മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം, ദിനേശ് ബീഡി ധർമ്മടം വ്യവസായ സഹകരണ സംഘം പ്രസിഡണ്ട് പണിക്കൻ രാജൻ, കെ.സുരേന്ദ്രൻ, കെ.വി രാഘവൻ എന്നിവർ സംസാരിച്ചു. ബാലൻ മേലൂർ രചിച്ച വെളുത്ത നിലാവ് കഥാസമാഹാരത്തിൻ്റെ ഇരുപത്തേഴാം പതിപ്പിൻ്റെ പ്രകാശനവും സ്പീക്കർ അഡ്വ. എ.എൻ ഷംസീർ നിർവഹിച്ചു. അണ്ടല്ലൂർ സാഹിത്യ പോഷിണി വായനശാല ആൻ്റ് ഗ്രന്ഥാലയം പ്രസിഡണ്ട് യു. ഗോവിന്ദൻ ഏറ്റുവാങ്ങി. സെൽവൻ മേലൂർ സ്വാഗതം പറഞ്ഞു. പ്രശസ്ത ചിത്ര കലാകാരന്മാർ വരച്ച 50 ഓളം ചിത്രങ്ങളും, ഫോട്ടോകളും ഉൾപ്പെടുത്തിയ പ്രദർശനം അക്ഷരാർത്ഥത്തിൽ ആസ്വാദക മനം കവരും. സെൽവൻ മേലൂർ, എ.സത്യനാഥ്, ബി ടി കെ അശോക്, വിപിൻദാസ്, രാഗേഷ് പുന്നോൽ തുടങ്ങി നിരവധി ചിത്രകാരന്മാർ വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്. വലിയ സ്ക്രീനിൽ പുറത്ത് എൽ.ഇ.ഡി ദൃശ്യങ്ങളായും കോടിയേരിയുടെ ജീവിത രേഖ പ്രകാശിപ്പിക്കുന്നുണ്ട്. വൈകീട്ട് 5 മുതൽ പുലർച്ചെ വരെയാണ് പ്രദർശനം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/97899/speaker-adv-a-n-shamseer-said-that-kodiyeri-and-pinarayi-were-like-the-alliance-of-karel-marx-engels-che-guevara-fidel-castro-akg-ems)