(www.thalasserynews.in)കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണിപ്പോള്‍. ദുരന്തഭൂമി സന്ദര്‍ശിച്ച സുരേഷ് ഗോപി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ സുരേഷ് ഗോപിയോട് വിശദീകരിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. വയനാട്ടിലെത് ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കാൻ നടപടിക്രമങ്ങളുണ്ട്. ഇപ്പോൾ കരുതലും കരുണയുമാണ് വേണ്ടത്.
കേരളത്തിന് മുന്നറിയിപ്പ് നൽകിയെന്ന അമിത് ഷയുടെ പ്രസ്താവന സബ് മിഷനുള്ള മറുപടി മാത്രമാണെന്നും ഇപ്പോൾ ഇത്തരം കാര്യങ്ങൾ എഴുന്നള്ളിച്ചു അസ്വസ്ഥത ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. അമിത ഷായുടെ മറുപടി എടുത്തിട്ട് ദുരന്തത്തിൽ പെട്ടവരുടെ മനസിനെ മഥിക്കരുത്.
രാജ്യം വയനാടിനെ സഹായിക്കാൻ ഉണ്ടാകും. പരമാവധി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചണ് ദുരന്ത മേഖലയിൽ പരിശോധന നടത്തുന്നത്. കൂടുതൽ സേന പരിശോധനക്ക് വേണമെങ്കിൽ കേരളം ആവശ്യപ്പെടട്ടെയെന്നും ദുരന്തത്തിൽ പെട്ടവരെ മാനസികമായി ശക്തിപ്പെടുത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
കാണാതായവരുടെ കണക്ക് കൃത്യമായി കിട്ടേണ്ടതുണ്ട്. ശാസ്ത്രം പോലും തല കുനിച്ചു നിൽക്കുന്ന സ്ഥിതിയാണ് ഇവിടെ. കളക്ടറുമായി സംസാരിച്ചു വേണ്ടത് ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Union Minister Suresh Gopi reached the tears of Wayanad;The Minister will examine the legal aspect of declaring it as a national disaster