(www.thalassernews.in)ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ട്രെയിനിൽ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന്റെ അമ്മ എസ് ലളിത അന്തരിച്ചു.
മകൻ മരിച്ച് 4 മാസങ്ങൾ പിന്നിടും മുൻപാണ് 67കാരിയായ ലളിതയുടെ അന്ത്യം. പ്രായത്തിന്റേതായ അവശതകൾ നേരിട്ടിരുന്ന ലളിത വിനോദിന്റെ മരണത്തിന് പിന്നാലെ ഭക്ഷണം കഴിക്കാതെ ആയിരുന്നു.
ഇത് ശാരീരിക ബുദ്ധിമുട്ടുകൾ കൂട്ടുകയും ചെയ്തിരുന്നു. പരേതനായ ആർ വേണുഗോപാലൻ നായരാണ് ഭർത്താവ്. മകൾ സന്ധ്യ, മരുമകൻ പ്രദീപ് കുമാർ. തിരുവനന്തപുരം സ്വദേശിയായ വിനോദ്, എറണാകുളം മഞ്ഞുമ്മലിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയത് ഈ വർഷമായിരുന്നു.
മകന്റെ മരണത്തിന് പിന്നാലെ മകളുടെ ഒപ്പമായിരുന്നു ലളിത കഴിഞ്ഞിരുന്നതെങ്കിലും ഇടയ്ക്ക് മഞ്ഞുമ്മലിലെ വിനോദിന്റെ വീട്ടിലേക്ക് എത്തിയിരുന്നു.
കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു ടിക്കറ്റ് ചോദിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ അതിഥി തൊഴിലാളി രജനീകാന്ത ടിടിഇ വിനോദിനെ ഓടുന്ന ട്രെയിനിൽ നിന്നും തള്ളിത്താഴെയിട്ടത്.
എറണാകുളം-പട്ന എക്സ്പ്രസിലായിരുന്നു സംഭവം നടന്നത്. റിസർവേഷൻ കോട്ടിൽ ടിക്കറ്റ് പരിശോധനയ്ക്കിടെയായിരുന്നു സംഭവം. തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയായിരുന്നു.
തൊട്ടടുത്ത പാളത്തിലേക്ക് തലയിടിച്ചാണ് വിനോദ് വീണത്. ഡീസൽ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്നു വിനോദ്. പിന്നീട് 2 കൊല്ലം മുമ്പാണ് ഇദ്ദേഹം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറിയത്.
പ്രതിയായ ഒഡിഷ സ്വദേശി രജനീകാന്ത പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിലായിരുന്നു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കുന്നംകുളത്തെ ഹോട്ടല്‍ തൊഴിലാളിയാണ് പ്രതി രജനീകാന്ത.
'Four months after her son left', TTE Vinod's mother, who was pushed to death by a guest worker from a train, dies