തലശേരി:(www.thalasserynews.in) വയനാട് ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് നാലു വയസ്സുകാരിയുടെ കരുതൽ. ടി വിയിലൂടെ ദുരന്തത്തിന്റെ നേർക്കാഴ്ചകൾ കണ്ടറിഞ്ഞതോടെയാണ് തന്റെ ആകെയുള്ള സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ മിഖ മനോജും തീരുമാനിച്ചത്.
മിക്കു എന്ന വിളിപ്പേരുള്ള മിഖയുടെ തീരുമാനത്തിന് രക്ഷിതാക്കളും ചേച്ചി പാർവണയും പൂർണ്ണ പിന്തുണ നൽകി. പിന്നെ ഒട്ടും അമാന്തിച്ചില്ല.
രണ്ടു വർഷമായി സൂക്ഷിച്ചു വെച്ച സമ്പാദ്യ കുടുക്കയിലെ തുക ദുരിതം അനുഭവിക്കുന്നവർക്ക് നൽകാനായി മിഖയും കുടുംബവും മുഖ്യമന്ത്രിയുടെ ധർമ്മടം മണ്ഡലം ഓഫീസിൽ എത്തി.
അപ്രതീക്ഷിതമായി ഞായറാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മണ്ഡലം ഓഫീസിൽ ഉണ്ടായിരുന്നു. തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ കയ്യിൽ നേരിട്ട് കൊടുക്കാൻ ആയതിന്റെ സന്തോഷവുമായാണ് മിഖയും പാർവണയും മുഖ്യമന്ത്രിയുടെ പക്കൽ നിന്നും മടങ്ങിയത്.
പുന്നോലിലെ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് മിഖ മനോജ്. ഗായിക കൂടിയായ ചേച്ചി പാർവണയോടൊപ്പം പാട്ടുപാടി മിഖയും വേദികൾ കീഴടക്കിയിട്ടുണ്ട്.
ഇരുവരും ഇങ്ങനെ കിട്ടിയ പണമാണ് സമ്പാദ്യ കുടുക്കയിൽ സൂക്ഷിച്ചു വെച്ചത്. പുന്നോൽ എ പി ഹൗസിൽ എ പി മനോജിന്റേയും എം ജസ്‌നയുടെയും മക്കളാണ്. പാർവണ തലശ്ശേരി സെന്റ് ജോസഫ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.
Miku, a four-year-old girl from Thalassery with love and concern for the people of Wayanad;Chief Minister Pinarayi Vijayan received Sampadyakudka