(www.thalasserynews.in) കുംട കടലിൽ മൃതദേഹത്തിനായി നടത്തിവന്ന തിരച്ചിൽ അവസാനിപ്പിച്ചു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായതോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്.
ഈശ്വർ മാൽപെയും സംഘവും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. മൃതദേഹം അർജുൻ്റേതാവാൻ സാധ്യതയില്ലെന്ന് ഈശ്വർ മാൽപെ പറഞ്ഞു.
കടലിൽ മൃതദേഹം കണ്ടെന്ന് വിവരം നൽകിയത് മത്സ്യത്തൊഴിലാളികളാണ്. മറ്റൊരു വിവരവും ഇതുസംബന്ധിച്ച് ലഭിച്ചിട്ടില്ല. ഇതുവരെ ഒരു മൃതദേഹവും കണ്ടെത്തിയിട്ടില്ലെന്നും കർണാടക പൊലീസ് അറിയിച്ചു. മൃതദേഹം മൂന്ന് ദിവസം മുമ്പ് കാണാതായ മത്സ്യത്തൊഴിലാളിയുടേതാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
ഗോകർണ ജില്ലയിൽ കുംട തീരത്തോട് ചേർന്ന് അകാനാശിനിപ്പുഴ കടലുമായി ചേരുന്ന അഴിമുഖം അകനാശിനി ബാടയോട് ചേർന്നാണ് അവസാനമായി മൃതദേഹം കണ്ടത്.
ഷിരൂരിൽ അപകടം നടന്ന അങ്കോല ഹൊന്നാവറിന് സമീപം അകനാശിനി ബാഡെയിൽ നിന്നും കടലിൽ ഒഴുകുന്ന നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു ലഭിച്ച വിവരം.
ഷിരൂരിൽ നിന്നും 60 കിലോമീറ്റർ ചുറ്റളവിലാണ് മൃതദേഹം കണ്ടെത്തിയ പ്രദേശം. ഷിരൂർ അപകടത്തിൽപ്പെട്ട അർജുൻ അടക്കമുള്ള മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നില്ല.
മലയാളി ട്രക്ക് ഡ്രൈവർ അർജ്ജുൻ ഉൾപ്പടെയുള്ളവർക്കായി ഷിരൂരിലെ തിരച്ചിൽ ദൗത്യം തുടരണമെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി തിരച്ചിൽ തുടരണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
ചീഫ് ജസ്റ്റിസ് എൻവി അൻജാരിയ, ജസ്റ്റിസ് കെവി ആനന്ദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ഇടക്കാല ഉത്തരവ് പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താൽക്കാലികമായി നിർത്തിയെന്ന് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഏഴ് നോട്ട്സ് ആണ് ഇപ്പോഴും ഗംഗാവലി നദിയിലെ അടിയൊഴുക്ക്. ഈ സാഹചര്യത്തിൽ തിരച്ചിൽ നടത്താനാവില്ല. തിരച്ചിൽ ദൗത്യം വൈകാതെ പുനഃരാരംഭിക്കുമെന്നും കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് കുംട കടലിൽ മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവന്നതും തിരച്ചിൽ നടത്തിയതും
The body found in the sea was not found, and the search was called off;Ishwar Malpe says it is unlikely to be Arjun's