ഇടുക്കി: ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. മാവേലിക്കര സ്വദേശികളാണ് മരിച്ചത്. മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.
മാവേലിക്കര ഡിപ്പോയില്‍ നിന്നും ഇന്നലെ മൂന്ന് മണിക്ക് പുറപ്പെട്ടതാണ് സംഘം. 34 പേരാണ് ബസിലുണ്ടായിരുന്നത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം. ഏകദേശം 30 അടി താഴ്ചയിലാണ് ബസ് തങ്ങിനില്‍ക്കുന്നതെന്നാണ് വിവരം. മരങ്ങളില്‍ തട്ടി ബസ് നിന്നതിനാല്‍ കൂടുതല്‍ താഴ്ചയിലേക്ക് പോയിട്ടില്ല. മുണ്ടക്കയത്തിനും പീരുമേടിനും ഇടയിലുള്ള സ്ഥലമാണ് അപകടം നടന്ന പുല്ലുപാറ. കുത്തനെയുള്ള കയറ്റങ്ങളും കൊടുംവളവുകളും ഉള്ള പ്രദേശമാണിത്. വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ബസ് താഴേക്ക് പതിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റടക്കം തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ പീരുമേട്, മുണ്ടക്കയം ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്
four dead as KSRTC bus falls into gorge in Idukki