തലശേരി : ഓർമകളുടെ ക്രീസിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. മറുതലയ്ക്കൽ ബോളുമായി എംഎസ്എഫ് സംസ്ഥാന സെക്രട്ടറി സി.കെ നജാഫ്. ഒന്ന് പിറകോട്ട് മാറി ക്രീസിൽ കുതിച്ചെത്തി നജാഫ് പന്ത് തൊടുത്തു.

ബാക്ക് ഫൂട്ട് ഒന്നിളക്കി മിഡ് ഓണിന് മുകളിലൂടെ ഷാഫിയുടെ കിടിലൻ സ്ട്രൈക്ക്. പന്ത് ബൗണ്ടറി ലൈനും കടന്ന് നിലംതൊടാതെ പറന്നിറങ്ങിയത് പട്ടാമ്പി സംസ്കൃത കോളെജിലെ ഓർമകളുടെ കളിമൈതാനത്ത്. അന്ന് കോളെജ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു ഷാഫി.
ക്രിക്കറ്റിനോട് മാത്രമല്ല കായിക മേഖലയോട് മൊത്തമുണ്ടായിരുന്നു പ്രണയം. ഒരുപാട് ടൂർണമെൻ്റുകൾക്ക് പോയിട്ടുണ്ട് അന്നൊക്കെ. പാലക്കാട് ജില്ലാ ലീഗിൽ കളിച്ചിരുന്നു. രാവിലെ ഏഴു മണിയോടെ തലശേരി മുകുന്ദ് ജങ്ഷനിലെ അറീന ടര്‍ഫിലാണ് സ്ഥാനാര്‍ഥി ആദ്യമെത്തിയത്.
ഇവിടെ മുന്‍ യൂനിവേഴ്‌സിറ്റി താരം തഫ്‌ലീം മണിയാട്ട്, ഫൈസല്‍ പുനത്തില്‍, പൊന്നകം നൗഷാദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കളി നടക്കുന്നുണ്ടായിരുന്നു. ഓള്‍ റൗണ്ടറായ ഷാഫി തഫ്‌ലീമിന്റെ ടീമിനൊപ്പം ചേര്‍ന്ന് ആദ്യം ബോള്‍ ചെയ്തു.
പിന്നീട് ബാറ്റിങ് നിരയിലെത്തി. ടർഫിലെ കളികഴിഞ്ഞ ശേഷം രണ്ടേകാല്‍ നൂറ്റാണ്ടു മുന്‍പ് മലബാറിൽ ആദ്യമായി ക്രിക്കറ്റ് പന്തുരുണ്ട തലശേരിയിലെ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കാണ് എത്തിയത്. പരിശീലനത്തിനായി മൈതാനത്തെത്തിയ യുവപ്രതിഭകള്‍ക്കൊപ്പം ഷാഫി തന്റെ കായിക സ്വപ്‌നങ്ങള്‍ പങ്കുവച്ചു.
ക്രിക്കറ്റിനെക്കുറിച്ചും കായിക മേഖലയെക്കുറിച്ച് ഒന്നാകെയും അദ്ദേഹം കുട്ടികളുമായി സംസാരിച്ചു. ഓരോ പഞ്ചായത്തിലും സ്റ്റേഡിയങ്ങള്‍ വേണമെന്നത് നിയമസഭയില്‍ ഉന്നയിച്ചത് താനായിരുന്നെന്ന് ഷാഫി പറഞ്ഞു.
പാലക്കാട്ട് സിന്തറ്റിക് ട്രാക്ക് കൊണ്ടുവന്ന കാര്യവും ഷാഫി അനുസ്മരിച്ചു. കണ്ണൂര്‍ ഡിസ്ട്രിക് ക്രിക്കറ്റ് കോച്ച് രാഹുല്‍ ദാസിനെ ഇവിടെവെച്ച് അനുമോദിച്ചു.
Shafi