കണ്ണൂർ :(www.thalasserynews.in) രണ്ടുതവണ സമരം ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത പശ്ചാത്തലത്തിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ റേഷൻ വ്യാപാരികൾ.
അടുത്തമാസം പകുതിയോടെ കടകൾ പൂർണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ നീക്കം. സമരത്തിലേക്ക് പോയാൽ ഓണക്കാലത്ത് പൊതുവിതരണ രംഗം വലിയ പ്രതിസന്ധിയിലായേക്കും.
സമരത്തിന്റെ കാര്യങ്ങൾ തീരുമാനിക്കാൻ താലൂക്ക് തലത്തിൽ സമിതി ചർച്ച തുടങ്ങി. കട അടച്ചുള്ള സമരം നടത്തിയിട്ടും സർക്കാരിന്റെ കണ്ണ് തുറന്നില്ല.
റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതല്ലാതെ തീരുമാനമെന്നും സർക്കാർ തലത്തിൽ ഉണ്ടായില്ല. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക.
കിറ്റ് കമ്മീഷൻ നൽകുക. കെ.ടി.പി.ഡി.എസ് ആക്റ്റിലെ അപാകതകൾ പരിഹരിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് റേഷൻ വ്യാപാരികൾ മുന്നോട്ടുവെക്കുന്നത്.
ഇക്കാര്യത്തിൽ ഒന്നും സർക്കാർ ഇടപെടാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ വ്യാപാരികൾ ഒരുങ്ങുന്നത്. അതേസമയം വിദഗ്ധസമിതി റിപ്പോർട്ട്, ഭക്ഷ്യമന്ത്രിയുടെ പക്കൽ എത്തിയെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
ഓണം അടക്കമുള്ള ഉത്സവ സീസണുകൾ വരാനിരിക്കെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക് പോയാൽ പൊതുവിതരണരംഗം പ്രതിസന്ധിയിലായേക്കും.
സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് താലൂക്ക് തലത്തിൽ റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സമിതിയുടെ ചർച്ചകളും നടക്കുന്നുണ്ട്. അരി അടക്കമുള്ള ധാന്യങ്ങളുടെ കുറവ് റേഷൻ കടകൾ നേരിടുന്നു. ഈ മാസം ഇതുവരെ 45 ലക്ഷത്തോളം ആളുകൾ റേഷൻ വാങ്ങി. 95 ലക്ഷത്തോളം ആണ് കേരളത്തിലെ റേഷൻ കാർഡ് ഉടമകളുടെ എണ്ണം.
Despite two strikes, there is no favorable approach from the government;Ration traders to go on indefinite strike