തിരുവനന്തപുരം :(www.thalasserynews.in) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി.
കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധമുള്ള ദുരന്തമാണ് വയനാട് ഉണ്ടായത്. രാഷ്ട്രീയം മറന്ന് ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു.
താൻ എം പി ആയിരുന്ന സമയത്ത് കൂടുതൽ തുക നൽകിയിരുന്നുവെന്നും, എന്നാൽ നിലവിൽ അതിനുള്ള കഴിവില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും ഒരു തർക്കവും കൂടാതെ കഴിയാവുന്ന തുകകൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നാണ് തന്റെ അഭ്യർഥന എന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഭിന്നതകളും മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു. നേരത്തെ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കമുള്ള കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന് അഭ്യർഥിച്ചിരുന്നു.
എന്നാൽ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ വേതനം നൽകിയ രമേശ് ചെന്നിത്തലയെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തിയിരുന്നു.
രമേശ് ചെന്നിത്തല ഫണ്ട് നൽകിയത് ശരിയായില്ല എന്നായിരുന്നു സുധാകരന്‍റെ വിമർശനം. എന്നാൽ സുധാകരനെ തള്ളി വിഡി സതീശൻ തന്നെ രംഗത്തെത്തി.
AK Antony donated Rs 50,000 to Chief Minister's Relief Fund