തലശ്ശേരി:(www.thalasserynews.in) തലശ്ശേരിയിൽ നടന്ന ജില്ലാ സ്കൂൾ കായിക മേളയിൽ 301 പോയിൻ്റ് നേടി പയ്യന്നൂർ ഉപജില്ല ചാമ്പ്യന്മാരായി. 29 സ്വർണ്ണവുo 31 വെള്ളിയും 24 വെങ്കലവുമാണ് പയ്യന്നൂർ കരസ്ഥമാക്കിയത്. എട്ട് സ്വർണ്ണവും ഏഴ് വെള്ളിയും എട്ട് വെങ്കലവുമായി 78 പോയിൻ്റ് നേടിയ മട്ടന്നൂർ ഉപജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. ആറ് വീതം സ്വർണ്ണവും വെള്ളിയും വെങ്കലവും നേടി 67 പോയിൻ്റുമായി ഇരിക്കൂർ ഉപജില്ല മൂന്നാംസ്ഥാനത്തെത്തി.
സ്കൂൾതലത്തിൽ 11 സ്വർണ്ണം, 11വെള്ളി, 11 വെങ്കലം നേടി 99 പോയിന്റുമായി ജിഎച്ച്എസ്എസ് കോഴിച്ചാൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. അഞ്ച് സ്വർണ്ണവും ഒൻപത് വെള്ളിയും അഞ്ച് വെങ്കലവുമായി 57പോയിൻറ് നേടി പ്രാപ്പൊയിൽ ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സമാപന സമ്മേളനം തലശ്ശേരി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സോമൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ ടി.പി ഷാനവാസ് അധ്യക്ഷനായി. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഡി.ഡി.ഇ, കണ്ണൂർ, തലശ്ശേരി ഡി.ഇ.ഒ മാർ എന്നിവരെ ആദരിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.എൻ ബാബു മഹേശ്വരി പ്രസാദ് സമ്മാനങ്ങൾ വിതരണം ചെയ്തു. നഗരസഭ കൗൺസിലർമാരായ വി മനോഹരൻ, സി പ്രശാന്തൻ, കെ ലിജേഷ്, ടി.വി റാഷിദ, കണ്ണൂർ വിദ്യാഭ്യാസ ഓഫീസർ കെ.വി നിർമല, തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശകുന്തള, സി എ നിധിൻ, തളിപ്പറമ്പ് വിദ്യാഭ്യാസ ഓഫീസർ മനോജ് ആന്റണി, തലശ്ശേരി സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ വി സുജാത, തലശ്ശേരി നോർത്ത് ഉപജില്ല ഓഫീസർ കെ എ ബാബുരാജ്, പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.വി ജ്യോതിവാസു, കണ്ണൂർ ആർ ഡി എസ് ജി എ സെക്രട്ടറി സി.എ നിധിൻ എന്നിവർ സംസാരിച്ചു.
In the district school sports fair held at Thalassery, Payyannur sub-district overall champions; At the school level, GHSS Kozhichal is the first