ബ്രഹ്മപുരം: ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ. വേണ്ടി വന്നാൽ സംസ്ഥാന സർക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്നും ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകി. സർക്കാരിനാണ് ബ്രഹ്മപുരം പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വമെന്നും ജസ്റ്റിസ് എ.കെ ഗോയൽ അധ്യക്ഷനായ ബെഞ്ച് നിശിതമായ ഭാഷയിൽ വിമർശിച്ചു. ബ്രഹ്മപുരത്തെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട വാർത്തകളുടെ അടിസ്ഥാനത്തിൽ വിഷയം സ്വമേധയായാണ് ട്രിബ്യൂണലിന്റെ ജസ്റ്റിസ് എ.കെ ഗോയൽ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
അഡീഷണൽ ചീഫ് സെക്രട്ടറി വി.വേണുവും നടപടി ക്രമങ്ങളുടെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ചത്. ബ്രഹ്മപുരം തീപ്പിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ജസ്റ്റിസ് എ.കെ ഗോയൽ അഭിപ്രായപ്പെട്ടു. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്നും അതിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നുമായിരുന്നു ജസ്റ്റിസിന്റെ നിരീക്ഷണം.
വിഷയവുമായി ബന്ധപ്പെട്ട് വേണ്ടി വന്നാൽ 500 കോടി രൂപയുടെ പിഴ സർക്കാരിൽ നിന്ന് ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കേരള ഹൈക്കോടതി തീപ്പിടുത്തവുമായി ബന്ധപ്പെട്ട് സ്വമേധയാൽ സർക്കാരിനെതിരെ കേസെടുത്തിട്ടുണ്ടെന്നും കേസിന്റെ നടപടിക്രമങ്ങൾ നടക്കുന്നതിനാൽ സമാന്തരമായ മറ്റൊരു കേസ് ട്രിബ്യൂണലിന്റെ ഭാഗത്തു നിന്നുമുണ്ടാകരുതെന്നുമാണ് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകർ ട്രിബ്യൂണൽ മുമ്പാകെ അറിയിച്ചത്.
എന്നാൽ ഈ ആവശ്യം പൂർണമായും അംഗീകരിക്കാൻ പ്രിൻസിപ്പൽ ബെഞ്ച് തയ്യാറായില്ല. ഹൈക്കോടതിയുടെ നടപടിക്രമങ്ങളിൽ തങ്ങൾ ഇടപെടുന്നതല്ലെന്നും ഹൈക്കോടതി ഉത്തരവിന് ഘടകവിരുദ്ധമായ ഇടപെടലുകൾ തങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകില്ലെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. ബ്രഹ്മപുരവുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ട് സംസ്ഥാന സർക്കാർ ട്രിബ്യൂണലിനു സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും പിഴ ചുമത്തുന്ന ഉത്തരവ് ഉണ്ടാകുക.
Government fully responsible for Brahmapuram fire;Haritha Tribunal will impose a fine of 500 crores if necessary