തലശ്ശേരി:(www.thalasserynewx.in)തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ ഗവേഷണം, ഇന്നൊവേഷൻ, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി.

ഇതു സംബന്ധിച്ച് തയ്യാക്കിയ കണ്‍സെപ്ട് നോട്ട് നിയമസഭാസ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അംഗീകരിക്കുകയും, രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് കേപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
നൂതന സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും സമഗ്രമായ സ്റ്റാർട്ടപ്പ് പിന്തുണയിലൂടെയും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിൽ ശക്തി വളർത്തിയെടുക്കുന്നതിനും സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനുമുള്ള കേന്ദ്രമാക്കി കോളേജിനെ മാറ്റും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ആധുനിക ലോജിസ്റ്റിക്സ് സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്ലേസ്‌മെന്റ് ഉറപ്പാക്കും.
പശ്ചാത്തല വികസനമുള്‍പ്പെടെ അമ്പതു കോടി രൂപയുടെ പ്രൊപ്പോസല്‍ കിഫ്ബി സഹായത്തോടെ നടപ്പാക്കുന്നതോടൊപ്പം സ്കില്‍ ഡെവലപ്മെന്റിന് തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ്(KASE) എന്ന സ്ഥാപനം മുഖേനെ പ്രോജക്ട് ആവിഷ്കരിക്കുന്നതും ആലോചിക്കും.
സഹകരണ വകുപ്പുമന്ത്രിയുമായും കിഫ്ബി സി.ഇ.ഒ.യുമായും നിയമസഭാ സ്പീക്കര്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേപ്പിന് കീഴിലുള്ള തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിന്റെ സമഗ്ര വികസനത്തിന് പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ക്ക് തുടക്കമായത്.
ജൂലൈ 25-ന് വീണ്ടും യോഗം ചേര്‍ന്ന് കിഫ്ബിക്ക് പ്രോപ്പോസല്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
സഹകരണ വകുപ്പുമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍, കേപ്പ് ഡയറക്ടര്‍ ഡോ. താജുദീന്‍ അഹമ്മദ്, ജോയിന്റ് ഡയറക്ടര്‍ ഡോ. എസ്. ജയകുമാര്‍ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോന്‍, അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
A massive project to transform Thalassery Engineering College into a center of excellence