വടകര: അശ്ലീല വീഡിയോയുടെ നിർമാണം എൽഡിഎഫ് സ്ഥാനാർഥി തന്നെ നിഷേധിച്ച സ്ഥിതിക്ക് ഇത്രയും ദിവസം ആർക്കുനേരെയാണ് രൂക്ഷമായ വ്യക്തിഹത്യ ഉണ്ടായതെന്ന് സിപിഎമ്മും സ്ഥാനാർഥിയും തുറന്നുപറയണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. വീഡിയോയുടെ പേര് പറഞ്ഞ് എനിക്കും കൂടെയുള്ളവർക്കും നേരെ രൂക്ഷമായ ആക്രമണമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പൊതുഇടങ്ങളിലും ഉണ്ടായത്. ഇപ്പോൾ സ്ഥാനാർത്ഥി തന്നെ പറയുന്നു ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന്.
അങ്ങനെയെങ്കിൽ ഇത്രയും ദിവസങ്ങൾ ഞങ്ങൾക്കെതിരെ പോസ്റ്റ് ഇട്ടവരും നെടുങ്കൻ പ്രസ്താവനകൾ എഴുതിയവരും തിരുത്താൻ തയ്യാറാവുമോ? സ്ഥാനാർഥി ഉൾപ്പെടെ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകുമോ? വ്യക്തിഹത്യ മറ്റുള്ളവർക്കെതിരെ ആവാം, തനിക്കെതിരെ മാത്രം പാടില്ല എന്ന നിലപാട് ഒരു പൊതുപ്രവർത്തകയ്ക്ക് സ്വീകരിക്കാൻ കഴിയുമോ?
കെ.കെ രമയ്ക്കും രമ്യ ഹരിദാസിനും എതിരെയുണ്ടായ അസഭ്യ വർഷങ്ങൾ തെളിവുകളോടെയാണ് ഉന്നയിച്ചിട്ടുള്ളത്. ഇപ്പോൾ സ്ഥാനാർഥി പറഞ്ഞതുപോലെ പിന്നീട് നിഷേധിക്കേണ്ട കാര്യങ്ങൾ അല്ല ഉന്നയിച്ചിട്ടുള്ളത്. സ്ക്രീൻഷോട്ട് ഉൾപ്പെടെ വെച്ചാണ് കെ.കെ രമ പരാതി നൽകിയിട്ടുള്ളത്. രമ്യയ്ക്കെതിരെയുളള അസഭ്യവർഷം ഇപ്പോഴും പൊതുഇടത്തിൽ കാണാവുന്നതാണ്. മുൻ എംഎൽഎയുടെ മകൻ്റെ ഉൾപ്പെടെ അസഭ്യത്തിൻ്റെ സ്ക്രീൻഷോട്ടുകൾ പ്രചരിക്കുന്നു.
കെ.കെ രമ നടത്തിയ വാർത്താസമ്മേളനം മുറിച്ചു തറിച്ച് പല രൂപത്തിൽ വികൃതമാക്കി എനിക്കും കൂടെയുള്ളവർക്കും നേരെ പുതിയ വീഡിയോ ഇറക്കിയിരിക്കുന്നു. ഇവയ്ക്കെല്ലാം എതിരെ നടപടി സ്വീകരിക്കാൻ എൽഡിഎഫ് സ്ഥാനാർഥി കൂടെ നിൽക്കുമോ? എന്തുകൊണ്ടാണ് ഇവയെ ഒന്നും തള്ളിപ്പറയാൻ സ്ഥാനാർത്ഥിയോ എൽഡിഎഫോ തയ്യാറാവാത്തത്? അതൊരു ശരിയായ നിലപാടാണ് എന്ന് പറയാൻ കഴിയുമോ?
എല്ലാവരോടും കരുതലും ചേർത്തുനിർത്തലും എന്നൊക്കെയാണ് പുറത്തു പറയുന്നത് എങ്കിൽ ആ കരുതൽ തന്നോട് മാത്രമാണ് എന്ന് പറയാതെ പറയാതെ പറയുകയല്ലേ സ്ഥാനാർഥി എന്നും ഷാഫി പറമ്പിൽ ചോദിച്ചു. കുറ്റ്യാടി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
I faced suicide, will LDF stand with me when I told the truth?: Shafi Parampil