(www.thalasserynews.in) റീ ബിൽഡ് വയനാടിനായുള്ള സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്.
ഇത്തരത്തിൽ കിട്ടുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. പരമാവധി മൂന്ന് ഗഡുക്കളായി തുക നൽകണമെന്നും സമ്മതപത്രം നൽകുന്ന ജീവനക്കാരിൽ നിന്ന് അടുത്ത മാസത്തെ ശമ്പളം മുതൽ പണം ഈടാക്കി തുടങ്ങുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
പിഎഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നൽകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാലറി ചലഞ്ച് സംബന്ധിച്ച് സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.
കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും വയനാട്ടിലെ പുനരധിവാസത്തിനാായി വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്. പത്ത് ദിവസത്തെ ശമ്പളം നൽകേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെങ്കിലും സംഘടനാ പ്രതിനിധികൾ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന ധാരണയിലെത്തിച്ചു.
ശമ്പള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നാണ് സർവ്വീസ് സംഘടനകൾ ആവശ്യപ്പെട്ടത്. താത്പര്യമുള്ളവരിൽ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നൽകാൻ അവസരം ഒരുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് സർക്കാർ ഉത്തരവിട്ടത്.
Government issued order on salary challenge for Wayanad;At least 5 days wages should be paid by government employees