തലശേരി:(www.thalasserynews.in) തലശേരി മാഹി ബൈപാസിന്റെ ഭാഗമായുള്ള സർവിസ് റോഡിൽ വാഹനങ്ങൾ അമിതവേഗതയിൽ കടന്നുപോകുന്നത് അപകട ഭീഷണി ഉയർത്തുന്നു.
പള്ളൂർ ചൊക്ലി ഭാഗത്തേക്ക് പോകുന്നത് സർവിസ് റോഡിലാണ് അപകടം പതിയിരിക്കുന്നത്. അറവിലകത്ത് പാലം പള്ളൂർ റോഡ് ദേശീയപാതയുടെ അടിയിലൂടെ ഇരു വശത്തുമുള്ള രണ്ട് സർവിസ് റോഡുകളെ മുറിച്ചുകടന്നാണ് പോകുന്നത്. ദേശീയപാതയുടെ സർവിസ് റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ചീറിപ്പാഞ്ഞാണ് കടന്നുപോകുന്നതെന്നാണ് വ്യാപക ആക്ഷേപം.
കഴിഞ്ഞ ദിവസം ഇലക്ട്രിസിറ്റി സബ്സ്റ്റേഷന് സമീപം അപകടം നടന്നിരുന്നു. സർവിസ് റോഡിലുടെ അമിതവേഗതയിൽ വന്ന കാർ അറവിലകത്ത് പാലം ഭാഗത്ത് നിന്നും വന്ന ഓട്ടോ റിക്ഷയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോവുകയും ചെയ്തിരുന്നു.
തലശേരി ഭാഗത്ത് നിന്നും വടകര ഭാഗത്തു സർവിസ് റോഡ് വഴി പോവുകയായിരുന്ന കാർ അമിതവേഗതയിൽ ഓട്ടോയിൽ വന്നിടിച്ചശേഷം നിർത്താതെ പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞെങ്കിലും യാത്രക്കാരും ഡ്രൈവറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
നിർത്താതെ പോയ കാറിന്റെ വിവരങ്ങൾ നൽകിയതിനെ തുടർന്ന് കാർ പള്ളൂർ പൊലിസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തിരുന്നു. സർവിസ് റോഡിലെ അപകടഭീഷണി ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Excessive speed on service roads in Thalassery-Mahi bypass;Pallur police caught the car that hit the auto and did not stop