സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 30ന് അതിശക്തമായ മഴയ്ക്കും സാധ്യത. 28 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ ലഭിക്കും. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെലോ അലര്‍ട്ട്. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. അതി തീവ്ര ന്യുന മര്‍ദ്ദം സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളില്‍ സ്ഥിതിചെയ്യുന്നു. ഓഗസ്റ്റ് 29 രാവിലെയോടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കന്‍ അറബിക്കടലില്‍ എത്തിച്ചേരാന്‍ സാധ്യത.
മധ്യ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഓഗസ്റ്റ് 29 ഓടെ മധ്യ കിഴക്കന്‍ / വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യുനമര്‍ദ്ദം രൂപപ്പെട്ട് വടക്കന്‍ ആന്ധ്രാ പ്രദേശ് തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്.
Chance of widespread rain in next 5 days;Yellow alert tomorrow in Kannur