(www.thalasserynews.in) കർണാടയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ ഡ്രെഡ്ജർ എത്തുന്നു. ഗംഗാവലി പുഴയിൽ അർജുനും ലോറിക്കുമായി ഡ്രെഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ പുനരാരംഭിക്കും. അടുത്തയാഴ്ച ഡ്രെഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ തുടങ്ങാനാണ് സാധ്യത.
തിരച്ചിൽ തുടരാൻ ഉത്തരകന്നഡ ജില്ലാ ഭരണകൂടം നിർദേശം നൽകി. നാവിക സേന കഴിഞ്ഞ ദിവസം ഗംഗാവലി പുഴയിലെ അടിയൊഴുക്ക് പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രെഡ്ജറിന്റെ സഹായത്തോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പു നൽകിയിരുന്നു.
കാർവാർ എംഎൽഎ സതീഷ് സെയിലിനാണ് ഏകോപന ചുമതല നൽകിയിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് കഴിഞ്ഞ 16-ാം തീയതിയായിരുന്നു ഗംഗാവലി പുഴയിലെ തിരച്ചിൽ നാവിക സേന നിർത്തി വെച്ചത്.
ഓഗസ്റ്റ് 16 ന് തിരച്ചിൽ നിർത്തിവെക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ അടിയൊഴുക്ക് ഇപ്പോൾ പുഴയിൽ ഉള്ളതായാണ് വിവരം. അടിയൊഴുക്ക് ശക്തമായതിനാൽ ഡ്രെഡ്ജർ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധിക്കൂ എന്നതായിരുന്നു തിരച്ചിലിനു തടസം നിൽക്കുന്ന ഘടകം.
ജൂലൈ 16 നുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തിൽ 11 പേർ മരണപ്പെട്ടിരുന്നു. അതിനിടയിൽ അർജുന്റെ മൃതദേഹം ലഭിച്ചു എന്ന് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.
അർജുന്റെ മൃതദേഹം എന്ന തരത്തിൽ പ്രചരിച്ച ഷിരൂരിൽ നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ചിത്രം മറുഭാഗത്തെ മാടങ്കരി എന്ന ഗ്രാമത്തിലുള്ള സെന്നിഗൗഡ എന്ന സ്ത്രീയുടേതായിരുന്നു.
Shirur Mission; A dredger is arriving to search and is expected to resume next week