വടകര:(www.panoornews.in) എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ്ണ തട്ടിപ്പ് കേസിൽ തമിഴ്‌നാട്ടിലെ ബാങ്കുകളിൽ പണയപ്പെടുത്തിയ 8.800 കി.ഗ്രാം സ്വർണ്ണാഭരണം അന്വേഷണ സംഘം കണ്ടെടുത്തു. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബെന്നി വി വിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം തിരിപ്പൂരിലെ ഡി. ബി. എസ് ,സി എസ് ബി ബാങ്കുകളിലെ അഞ്ചു ശാഖകളിൽ നിന്നാണ് സ്വർണം കണ്ടെടുത്തെത്.
കേസിലെ പ്രതി ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖ മുൻ മാനേജർ മധ ജയകുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡി. ബി. എസ്. ബാങ്കിന്റെ രണ്ടു ശാഖകളിലും, സി. എസ്. ബി യുടെ മൂന്ന് ശാഖകളിലുമായി പ്രതിയുടെ ബിനാമിയായ മുപ്പതോളം ആളുകളുടെ പേരിൽ പണയപെടുത്തിയസ്വർണ്ണം കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത സ്വർണം തിങ്കളാഴ്ച വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. മൊത്തം 26.244.20 കിലോഗ്രാം പണയ സ്വർണമാണ് മഹാരാഷ്ട്ര ബാങ്ക് വടകര ശാഖയിൽ നിന്നും നഷ്ടപ്പെട്ടത്. 15 കിലോ 850 ഗ്രാം സ്വർണമാണ് ഇതേവരെ കണ്ടെടുത്തത്.
ബാക്കി സ്വർണം കൂടി കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മേനേജർ മധ ജയകുമാറിൻ്റ പ്രധാന ബിനാമി കാർത്തിക് എന്നയാളെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Vadakara Bank of Maharashtra Fraud; Eight kilos and 800 grams of gold were recovered