(www.thalasserynews.in) ഹൈ ടെൻഷൻ ലൈനിൽ കൂറ്റൻ പെരുമ്പാമ്പ് കയറിയതിനെത്തുടർന്ന് കാസർക്കോട് നഗരത്തിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. രാവിലെ ഏഴ് മണിയോടെ യാണ് പുതിയ ബസ്സ്റ്റാന്റ്റിൽ നിന്ന് എം.ജി. റോഡിലേക്കുള്ള ഫീഡറിൽ വൈദ്യുതി മുടങ്ങിയത്.
ഇതോടെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വൈദ്യുതി ഓഫീസിലേക്ക് നിരന്തരം ഫോൺ വിളികളെത്തി. കെ.എസ്. ഇ.ബി സബ് എഞ്ചിനീയർ സദർ റിയാസിൻറെ നേതൃത്വത്തിൽ എത്തിയ ഉദ്യോഗസ്ഥർ ഫീഡർ വീണ്ടും ചാർജ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് 'വില്ലനെ' കണ്ടെത്തിയത്.
അമേയ് റോഡ് ജംഗ്ഷന് സമീപത്തെ മരത്തിൽ നിന്നാണ് പെരുമ്പാമ്പ് എച്ച്. ടി ലൈനിൽ കയറിയത്. തുടർന്ന് 'സർപ്പ' വളണ്ടിയർ അടുക്കത്തു ബയലിലെ അമീനെ വിളിച്ചു വരുത്തി തോട്ടി ഉപയോഗിച്ച് ചത്ത പെരുമ്പാമ്പിനെ താഴെയിറക്കി. തുടർന്ന് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയായിരുന്നു.
Python becomes villain; power outage