
തലശ്ശേരി:(www.thalasserynews.in) തലശ്ശേരി നിയോജക മണ്ഡലത്തിലെ വിവിധ കുടിവെള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി സ്പീക്കറുടെ ചേംബറില്‍ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ വാട്ടര്‍ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും സംയുക്തയോഗം ചേര്‍ന്നു.
തലശ്ശേരി മുനിസിപ്പാലിറ്റിയില്‍ അമൃത് പദ്ധതി പ്രകാരമുള്ള കുടിവെള്ള പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും കോടിയേരി ഭാഗം ഉള്‍പ്പെടുത്തി പുതിയ പദ്ധതി ടെണ്ടര്‍ ചെയ്തിട്ടുണ്ടെന്നും പൈപ്പിട്ട ഭാഗങ്ങളില്‍ മാര്‍ച്ച് 15നകം റെസ്റ്റൊറേഷന്‍ വര്‍ക്ക് പൂര്‍ത്തിയാക്കുന്നതിനും പൈപ്പിടാനുള്ള ഭാഗങ്ങളില്‍ പ്രവൃത്തി സമാന്തരമായി ചെയ്യുന്നതിനും തീരുമാനമെടുത്തു.
ന്യൂമാഹി പഞ്ചായത്തിലെ ജലജീവന്‍ മിഷന്‍ വഴിയുള്ള കുടിവെള്ള പദ്ധതി പ്രവൃത്തി വൈകുന്ന സാഹചര്യത്തില്‍ തല്‍ക്കാലത്തേയ്ക്ക് തലശ്ശേരിയില്‍ നിന്ന് വെള്ളമെത്തിക്കുന്നതിനും വര്‍ക്ക് ഷെഡ്യൂള്‍ തയ്യാറാക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും മാസംതോറും പുരോഗതി വിലയിരുത്തുന്നതിനും തീരുമാനമെടുത്തു.
ചൊക്ലി പഞ്ചായത്തില്‍ 79 ശതമാനം പൈപ്പിടലും പ്രധാന റോഡുകളുടെ റെസ്റ്റോറേഷനും പൂര്‍ത്തിയാക്കി.
പന്ന്യന്നൂര്‍ പഞ്ചായത്തിന്റെ കാര്യത്തില്‍ ഫണ്ട് ലഭ്യമാക്കി പ്രവൃത്തി ആരംഭിക്കും.
എരഞ്ഞോളി പഞ്ചായത്തില്‍ മുഴുവന്‍ വീടുകള്‍ക്കും പൈപ്പ് കണക്ഷന്‍ നല്‍കിക്കഴിഞ്ഞു.
കതിരൂര്‍ പഞ്ചായത്തില്‍ അധികമായുള്ള കണക്ഷനുകള്‍ക്ക് പുതിയ വര്‍ക്ക് അറേഞ്ച് ചെയ്യും.
തലശ്ശേരി മുനിസിപ്പാലിറ്റി, ന്യൂമാഹി, പന്ന്യന്നൂര്‍ എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായി കണ്ണൂര്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും തുടര്‍ പുരോഗതി വിലയിരുത്തുന്നതിന് മാര്‍ച്ച് മാസം 21-ന് വീണ്ടും യോഗം ചേരുന്നതിനും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.
വാട്ടര്‍ അതോറിറ്റി ടെക്നിക്കല്‍ മെമ്പര്‍ ബിന്ദു ടി. ബി., ചീഫ് എഞ്ചിനീയര്‍മാരായ സെെജു പുരുഷോത്തമന്‍, സജീവ് രത്നാകരന്‍, കണ്ണൂര്‍ മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സുദീപ് കെ. , ന്യൂമാഹി ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍, തലശ്ശേരി മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ഫില്‍ഷാദ്, ഷബീര്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീ. പ്രൈവറ്റ് സെക്രട അര്‍ജ്ജുന്‍ എസ്. കെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Drinking water projects in Thalassery constituency through Amruth and Jaljeevan Mission will be completed before the monsoon season