തിരുവനന്തപുരം :2025-06 അധ്യയന വർഷത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അഡ്മിഷൻ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഏകജാലക സംവിധാനത്തിലൂടെയാണ് ഇത്തവണയും പ്രവേശനം.

ട്രയല്‍ അലോട്ട്‌മെന്‍റ് തിയ്യതി മേയ് 24 ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 2നാണ്. രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 10 ന് നടക്കും.മൂന്നാം അലോട്ട്‌മെന്റ് തിയ്യതി ജൂണ്‍ 16 ആണ്. മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മുൻ വർഷം ക്ലാസ്സുകള്‍ ആരംഭിച്ചത് ജൂണ്‍ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി ജൂലൈ 23 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
പട്ടിക ജാതി വികസന വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന ആറ് മോഡല്‍ റെസിഡെൻഷ്യല്‍ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് പ്രവേശന ഷെഡ്യൂള്‍ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം നടത്തും. ഹയർ സെക്കന്‍ററി പ്രവേശനത്തിന് പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായി. ഹയർ സെക്കന്‍ററി, വൊക്കേഷണല്‍ ഹയർ സെക്കന്‍ററി പ്രോസ്‌പെക്ടസുകള്‍ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു
Plus One admissions; Date announced, classes to begin on June 18th