(www .thalasserynews.in)എട്ടാം ക്ലാസിൽ ഏതെങ്കിലും വിഷയത്തിൽ സബ്ജക്ട് മിനിമം നേടാത്തവർ 21 ശതമാനം പേരെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏപ്രിൽ എട്ട് മുതൽ 24 വരെ ഈ കുട്ടികൾക്ക് അതതു വിഷയങ്ങളിൽ അധിക പിന്തുണാ ക്ലാസ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

ആകെ 3,98,181 വിദ്യാർത്ഥികളാണ് എട്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഒരു വിഷയത്തിൽ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86309 എന്നാണ് കണക്ക്.
അതേസമയം ഒരു വിഷയത്തിലും ഇ ഗ്രേഡിന് മുകളിൽ നേടാത്തവരുടെ എണ്ണം 5516 ആണ്. ആകെ പരീക്ഷ എഴുതിയ കുട്ടികളിൽ 1.30% ആണിവർ. എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ ഏപ്രിൽ ഏഴിന് രക്ഷകർത്താക്കളെ അറിയിക്കും.
പ്രസ്തുത കുട്ടികൾക്ക് ഏപ്രിൽ എട്ടു മുതൽ 24 വരെ അധിക പിന്തുണാ ക്ലാസുകൾ നടത്തും. ഇത്തരം ക്ലാസുകൾ രാവിലെ 9 30 മുതൽ 12.30 വരെ ആയിരിക്കും. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ / വിഷയങ്ങളിൽ മാത്രം വിദ്യാർഥികൾ അധിക പിന്തുണാ ക്ലാസുകളിൽ പങ്കെടുത്താൽ മതിയാകും.
ഏപ്രിൽ 25 മുതൽ 28 വരെ പുന:പരീക്ഷയും ഏപ്രിൽ 30ന് ഫലപ്രഖ്യാപനവും നടത്തും. ഓരോ ജില്ലയിലും പിന്തുണാ ക്ലാസുകൾ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചു. ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടുത്തെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ക്ലാസുകൾ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
The number of students who did not score the minimum marks in any subject in the eighth grade has been released.