(www.thalasserynews.in)ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ ജോലി വാഗ്ദാനം ചെയ്തു യുവതിയിൽനിന്ന് 17.5 ലക്ഷം രൂപ തട്ടി വിദേശത്തേക്കു കടന്ന പത്തൊൻപതുകാരൻ പിടിയിൽ. മലപ്പുറം വള്ളുവങ്ങാട് സ്വദേശി മഞ്ചപ്പള്ളി വീട്ടിൽ മിദ്‌ലാജിനെയാണ് നല്ലളം പൊലീസ് പിടികൂടിയത്.

2023 ഡിസംബറിൽ കുണ്ടായിതോട് സ്വദേശിനിയായ യുവതിയെ സമൂഹമാധ്യമത്തിലൂടെയാണ് മിദ്‍ലാജ് പരിചയപ്പെട്ടത്. തുടർന്ന് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്യുകയും വ്യാജ ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിപ്പിക്കുകയും ടെലിഗ്രാം ലിങ്ക് വഴി ബിറ്റ്കോയിൻ ട്രേഡിങ് ടാസ്ക് നടത്തിക്കുകയും ചെയ്തു.
വിവിധ ബാങ്ക് അക്കൗണ്ടിലൂടെ 17,56,828 രൂപയാണ് യുവതിയിൽനിന്നു മിദ്‍ലാജ് തട്ടിയെടുത്തത്. യുവതിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നറിഞ്ഞ പ്രതി, വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു.
പ്രതിക്കെതിരെ നല്ലളം പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വയ്ക്കുകയും നല്ലളം പൊലീസിൽ അറിയിക്കുകയുമായിരുന്നു.
കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമൻഡ് ചെയ്തു.
19-year-old arrested for duping Kozhikode native woman of lakhs under the guise of online trading, promising her a job