(www.thalasserynews.in)ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിജയാഘോഷത്തിനിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് കാരണം ആര്‍സിബി ടീമിന്‍റെ അനാവശ്യ തിടുക്കമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ റിപ്പോര്‍ട്ട്. വിജയാഘോഷം സംഘടിപ്പിക്കുന്നതിന് പൊലിസില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നും ട്രൈബ്യൂണല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ആര്‍സിബി വിജയാഘോഷം സംഘടിപ്പിക്കുന്ന കാര്യം ആരാധകരെ അറിയിച്ചത്. അതിന് മുമ്പ് ആവശ്യമായ അനുമതികളൊന്നും വാങ്ങിയിരുന്നില്ല. ആര്‍സിബിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ട് കാണികള്‍ തടിച്ചുകൂടുകയായിരുന്നു.
സമയം ഇല്ലാത്തതിനാല്‍ പൊലീസിനും ആവശ്യമായ മുൻകരുതലുകള്‍ എടുക്കാനായില്ല. 12 മണിക്കൂറില്‍ താഴെയുള്ള സമയത്തില്‍ ഇത്തരം മുന്‍കരുതലുകളെടുക്കുക പൊലീസിനെ സംബന്ധിച്ച് അസാധ്യമാണ്. 12 മണിക്കൂറിനുള്ളില്‍ 5-7ലക്ഷം പേരെ നിയന്ത്രിക്കാന്‍ പൊലീസ് സൂപ്പര്‍മാന്‍ അല്ല.
അവരും മനുഷ്യരാണ്. അവര്‍ ദൈവമോ മജീഷ്യനോ അല്ല. അവരുടെ കൈയില്‍ അല്ലാവുദ്ദീന്‍റെ അത്ഭുതവിളക്കുമില്ല. ഓപ്പണ്‍ പരേഡിന് പൊലീസ് അനുമതി നല്‍കിയിട്ടുമില്ല. എന്നിട്ടും ലക്ഷക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയത്. ഇവരെ നിയന്ത്രിക്കാന്‍ പൊലീസിന് ഒന്നും ചെയ്യാനാവില്ലെന്നും ട്രൈബ്യൂണല്‍ പറഞ്ഞു.
ആള്‍ക്കൂട്ട ദുരന്തത്തെത്തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആര്‍സിബി മാനേജ്മെന്‍റിനെതിരെയും നടപടി എടുത്തിരുന്നു.എന്നാല്‍ പൊലിസിന്‍റെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന ട്രൈബ്യൂണലിന്‍റെ റിപ്പോര്‍ട്ട് ആര്‍സിബി ടീമിനെയാണ് പൂര്‍ണമായും കുറ്റപ്പെടുത്തുന്നത്.
The reason for everything was RCB's unnecessary haste; Tribunal blames for the victory celebration disaster