Mar 23, 2023 11:23 AM

ന്യുമാഹി : തെരുവ് നായ്ക്കളുടെ ശല്യം കാരണം പൊറുതിമുട്ടിയ മങ്ങാട് കാട്ടുപന്നികളുടെ ഉപദ്രവവും. ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതോടെ രാത്രിയിൽ ജനം പുറത്തിറങ്ങാൻ ഭയക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഓട്ടോറിക്ഷാ യാത്ര ചെയ്യുകയായിരുന്നവരും ഇരുചക്ര യാത്രികരും അപകടത്തിൽ പെട്ടിരുന്നു. അതോടൊപ്പം കൃഷി നാശവുമുണ്ട്. രാത്രിയിലും പുലർച്ചയും പുറത്തിറങ്ങാൻ ജനം ഭയപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് പളളിപ്രം, മങ്ങാട് ഭാഗങ്ങളിൽ ഭീതി പരത്തി തെരുവ് നായകൾ അഴിഞ്ഞാടിയത്.

നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് മങ്ങാട് മണ്ട ബസാറിൽ റോഡിനുകുറുകെ ചാടിയ കാട്ടുപന്നികൾ ഇരുചക്ര യാത്രികരെ അപകടത്തിൽ പെടുത്തിയിരുന്നു. വേനൽ കടുത്തതോടെ വെള്ളവും ഭക്ഷണവും തേടി കാട്ടുപന്നികൾ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങുന്നത് പ്രദേശ നിവാസികളുടെ ഉറക്കം കെടുത്തുകയാണ്.

കവിയൂർ അംബേദ്കർ വായനശാലക്ക് സമീപം ഒരാഴ്ചക്ക മുമ്പ് മാഹിപ്പാലത്തെ ഓട്ടോ ഡ്രൈവർ റാസിക് പന്നിയുടെ ആക്രമണത്തിന് ഇരയായിരുന്നു. ഓട്ടോറിക്ഷയെ ആക്രമിച്ച പന്നി കൂട്ടം ഓട്ടോറിക്ഷയ്ക്കും സാരമായ കേടുപാട് ഉണ്ടാക്കി. കവിയൂർ, ഒളവിലം തൃക്കണ്ണാപുരം അമ്പലം പരിസരം, പാത്തിക്കൽ, മങ്ങാട് മണ്ട ബസാർ, റേഷൻ പീടിക പരിസരം, വയലക്കണ്ടി ബസ് റ്റോപ്പ് പരിസരം എന്നിവിടങ്ങളിൽ കൂട്ടത്തോടെ പന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളിൽ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാരാണ് പന്നികളുടെ ആക്രമണത്തിന് കൂടുതൽ ഇരയാവുന്നതെന്ന് മാഹിപ്പാലത്തെ ഓട്ടോ ഡ്രൈവർ റെയീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി മങ്ങാട് ദേശീയപാത ബൈപ്പാസിന് സമീപത്തുകൂടി സ്‌കൂട്ടറിൽ വരികയായിരുന്ന ഭാര്യയും മകളും പന്നിയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് മങ്ങാട് ഹോട്ടലുടമയായ ടി ദീപക് ഗോവിന്ദ് പറഞ്ഞു. റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നതും കാടുമൂടിക്കിടക്കുന്നതും പന്നികളുടെ സ്വൈര്യ വിഹാരത്തിന് സൗകര്യമായിട്ടുണ്ട്. രാത്രിയായാൽ റോഡിലിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും ദേശീയപാതക്കരികിലെ തെരുവ്‌ വിളക്കുകൾ കത്തിക്കാൻ നടപടിയെടുക്കണമെന്നും ദീപക് പറഞ്ഞു.

People are in fear;In Mangad-Peringadi-Kaviyoor parts And stray dogs Wild boars also howl

Next TV

Top Stories