(www.thalasserynews.in)മൈസൂരുവിൽ കാർ സ്കൂട്ടറിലിടിച്ച് മലയാളിവിദ്യാർഥിനിയുൾപ്പെടെ മൂന്നുപേർ മരിച്ചു. തൃശ്ശൂർ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടിൽ ശിവാനി (21), സുഹൃത്ത് മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശി എന്നിവരാണ് മരിച്ചത്. മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവർഷ ബി.സി.എ. വിദ്യാർഥിനിയായിരുന്നു ശിവാനി.
ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മൈസൂരു ജയലക്ഷ്മിപുരം ജെ.സി.റോഡിൽവെച്ച് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിയന്ത്രണംവിട്ടെത്തിയ കാറിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. ഇവരുടെ സ്കൂട്ടറുൾപ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങളെ കാർ ഇടിച്ചുതെറിപ്പിച്ചിട്ടുണ്ട്.
അതിലൊരു വാഹനത്തിൽ സഞ്ചരിച്ചിരുന്നയാളാണ് ഭക്ഷണവിതരണക്കാരൻ. അപകടത്തിൽ വി.വി.പുരം ട്രാഫിക് പോലീസ് കേസെടുത്തു. ശിവാനിയുടെ മൃതദേഹം അപ്പോളോ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം സ്വദേശത്തേക്കു കൊണ്ടുപോയി. സംസ്കാരം ചൊവ്വാഴ്ച നടക്കും. ബിജുവിന്റെയും സവിതയുടെയും മകളാണ് ശിവാനി. സഹോദരങ്ങൾ: അശ്വതി, അർജുൻ.
Car accident in Mysore;Three people died, including a Malayali student and her friend