(www.thalasserynews.in)എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ മേൽക്കോടതി ഇരുവരേയും കുറ്റവിമുക്തരാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയും കുറ്റവിമുക്തനാക്കണമെന്നു ആവശ്യപ്പെട്ട് കെ. സുധാകരൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചു.
എന്നാൽ സുധാകരനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി ഹർജി വിചാരണ കോടതി തള്ളി. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. 1995 ഏപ്രിൽ 12നാണ് കേസിനാസ്‌പദമായ സംഭവം.
ചണ്ഡീഗഢിൽ നിന്നു സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞു കേരളത്തിലേക്ക് മടങ്ങവെ ട്രെയിനിൽ വച്ച് ജയരാജനു നേരെ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. ജയരാജനെ കൊല്ലാൻ മറ്റ് പ്രതികൾക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും കൃത്യം നടത്താൻ എൽപ്പിച്ചത് സുധാകരനാണെന്നും കുറ്റപത്രത്തിലുണ്ട്.
Critical day for K. Sudhakaran;Verdict today in the plea in the case of trying to kill EP Jayarajan