(www.thalasserynews.in) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരായ പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി.കെ. രമേശൻ (42), സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം രഹന (33), ദേവഗിരി കളപ്പുരയിൽ കെ ജി മഞ്ജു (43) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. രണ്ടാം പ്രതി ഡോ.ഷഹന കോടതിയിൽ ഹാജരായില്ല.
2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ സംഘത്തിലുള്ള ഡോക്ടർ സികെ രമേശൻ, ഡോ എം ഷഹ്ന, മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്‌സുമാരായ എം രഹ്ന, കെജി മഞ്ജു എന്നിവരാണ് കേസിലെ പ്രതികൾ.
ഇവരുടെ അറസ്റ്റ് നേരത്തെ രേപ്പെടുത്തിയിരുന്നു. ഐപിസി 338 അനുസരിച്ച് അശ്രദ്ധമായ പ്രവൃത്തി മൂലം മനുഷ്യജീവന് അപകടമുണ്ടാക്കിയെന്ന രണ്ട് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേസിൽ ഒന്നാം പ്രതിയായ ഡോ. സി കെ രമേശൻ നിലവിൽ മഞ്ചേരി മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. ഡോ ഷഹ്ന മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും നഴ്സുമായ രഹ്നയും മഞ്ജുവും കോഴിക്കോട് മെഡിക്കൽ കോളജിലും നഴ്സ്മാരാണ്.
A case of forgetting the scissors in the stomach during delivery surgery in Kozhikode Medical College;Bail for 3 accused