തലശേരി:(www.thalasserynews.in) പൊതുമരാമത്ത് വകുപ്പിൻ്റെ അധീനതയിലുള്ള മഞ്ഞോടി -കോടിയേരി - വയലിൽ പിടിക സംസ്ഥാന പാതയിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു.
മഴ പെയ്തു തുടങ്ങുമ്പോഴേക്കും കോടിയേരി ഓണിയൻ ഹൈസ്കൂളിന് സമീപം പടിഞ്ഞാറ് വശം ഓവുചാലിൽ നിന്ന് റോഡിൻ്റെ മറുവശത്തേക്ക് വെള്ളം കവിഞ്ഞൊഴുകുന്ന സ്ഥിതിയാണുള്ളത്. ഓവിൽ മണ്ണ് നിറഞ്ഞ് ശുചീകരിക്കാത്തതിനാലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്.
കൊപ്പരക്കളത്തിലും,പപ്പൻ്റെ പീടികക്ക് സമീപവും വയലിൽ പീടികയിലും റോഡിൻ്റെ ഒരു വശം മുഴുവൻ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയുണ്ട്. റോഡിൽ നിന്നും വെള്ളം ഓവുചാലിലേക്ക് പോകേണ്ട ഭാഗം പൂർണമായി സ്ലാബിട്ട് അടച്ച് അശാസ്ത്രീയമായി മൂടിയതുകൊണ്ടാണിത്.
വെള്ളത്തിന് ഒഴുകിപ്പോവാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം അപകട മരണം സംഭവിച്ച കണ്ണിച്ചിറ തോടിന് സമീപം ഓവുചാലിന് ഇപ്പോഴും പൂർണമായി സ്ലാബ് ഇട്ടിട്ടില്ല. സ്ലാബിട്ട സ്ഥലങ്ങളിൽ തന്നെ ചിലയിടത്ത് സ്ലാബ് അകന്ന് അപകടാവസ്ഥയിലാണ്. പ്രദേശവാസികൾ നിരവധി തവണ അധികൃതരെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല.
കുറച്ചു ദിവസം മുമ്പാണ് ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പേരാവൂർ സ്വദേശി രഞ്ജിത്ത് കുമാർ രാത്രിയിലെ കനത്ത മഴയിൽ നടന്നു പോവുമ്പോൾ കാൽ തെറ്റി ഓടയിൽ വീണ് മരണപ്പെട്ടത്. ഈ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
വയലിൽ പീടികയിൽ സ്ഥാപിച്ച റോഡരികിലുള്ള പരാതി പരിഹാര ബോർഡിലെ അസിസ്റ്റൻ്റ് എഞ്ചിനീയറുടെ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പ്രശ്നം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന മറുപടിയാണ് ട്രൂവിഷന് ലഭിച്ചത്.
കണ്ണിച്ചിറ തോടിന് സമീപമുള്ള ഓടകൾക്ക് സ്ലാബിടാൻ വേണ്ട നടപടികൾ ത്വരിതഗതിയിൽ നടത്തുമെന്നും അധികൃതർ ട്രൂവിഷന് ഉറപ്പ് നൽകി. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ വീണ്ടും അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.
Talasseri-Kodiyeri-Vayal is a threat to passengers due to waterlogging on Peetika Road;The road is also under threat of collapse