തലശ്ശേരി : തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾ, കാൽ നടയാത്രക്കാരെ കണ്ടില്ലെന്ന് നടിക്കുമ്പോൾ വിദ്യാലയ പരിസരങ്ങളിലെ സീബ്രാ ക്രോസ് ലൈനുകൾ കാണാനില്ല.
വിദ്യാർത്ഥികളും കാൽനടയാത്രക്കാരും അപകട ഭീഷണിക്ക് നടുവിൽ ദുരിതം പേറുന്നു. ഇനി ഒരു ദുരന്തത്തിന് കാത്ത് നിൽക്കാതെ അധികൃതർ ഉണരണമെന്ന ആവശ്യം ശക്തമാകുന്നു.
നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന തലശ്ശേരി ബി.ഇ.എം.പി. ഹയർ സെക്കണ്ടറി സ്കൂളിൻ്റെയും ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂളിൻ്റെയും മുന്നിൽ വ്യക്തമായ രീതിയിൽ വരച്ച സീബ്രാ ക്രോസ് ലൈൻ ഇപ്പോൾ തേഞ്ഞ് മാഞ്ഞ് കാണാതായി. രാവിലെയും ഉച്ചക്കും വൈകുന്നേരവും വിദ്യാർത്ഥികൾ റോഡ് മുറിച്ചു കടക്കാൻ നന്നേ വിഷമിക്കുന്നു.
തലശേരി - കണ്ണൂർ റൂട്ടിൽ ഇരുഭാഗത്തേക്കുമുള്ള എല്ലാ ബസുകളും കാറുകളും ആംബുലൻസുകളും ഓട്ടോറിക്ഷകളും മറ്റും തലങ്ങും വിലങ്ങും സർവീസ് നടത്തുന്ന ഈ റോഡിൽ ഒന്ന് റോഡ് മുറിച്ച് കടന്ന് അപ്പുറത്ത് പോവണമെങ്കിൽ ജീവൻ പണയം വെച്ചുള്ള ഞാണിന്മേൽ കളിയാണ്.
പല ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഡ്യൂട്ടിക്ക് ഹോം ഗാർഡുമാരോ പോലീസോ ഉണ്ടാവുമെങ്കിലും സീബ്രാ ലൈനില്ലാത്തതു കാരണം റോഡിൻ്റെ നടുവിൽ നിന്ന് വാഹനങ്ങളെ തടയേണ്ടി വരുന്ന അവസ്ഥ അവർക്കുമുണ്ട്.
മഹാത്മാവിൻ്റെ നാമധേയത്തിൽ എം.ജി റോഡ് എന്നറിയപ്പെടുന്ന ഈ റോഡ് കഴിഞ്ഞ വർഷമാണ് നവീകരിച്ചത്. അതിന് ശേഷം റോഡിൽ സീബ്രാലൈൻ വരക്കാതെ ബന്ധപ്പെട്ട അധികൃതർ കണ്ണടച്ചു.
അതുപോലെ തന്നെ തലശേരി ജില്ലാ കോടതിക്ക് മുന്നിലും ചിറക്കര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിലും സീബ്രാലൈൻ സുവ്യക്തമായ രീതിയിൽ വരക്കേണ്ടതുണ്ട്.
ഇനിയെങ്കിലും അടിയന്തിരമായി ഈ റോഡുകളിൽ സീബ്രാലൈൻ വരച്ച് റോഡ് യാത്ര സുരക്ഷിതമാക്കണമെന്ന് വിദ്യാർത്ഥികളും വ്യാപാരികളും സർക്കാർ ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ഒരു വൻ അപകടത്തിന് സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Article by ഹേമന്ത് മനേക്കര
എം.എ മലയാളം സാഹിത്യം. പൊതുപ്രവര്ത്തകന്, എഴുത്തുകാരന്, പെന്ഷണര്. Cell- 9446738868 e-mail:- [email protected]
No zebra cross lines in front of schools;Students and pedestrians are at risk