വടകര :(www.thalasserynews.in) മടപ്പള്ളിയിൽ സീബ്രാ ലൈനിൽ വെച്ച് വിദ്യാർത്ഥികളെ ബസ് ഇടിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. വടകര സ്വദേശി വണ്ണാറത്ത് മുഹമ്മദ് ഫുറൈസ് ഖിലാബിനെ (24) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകി.
അപകടം നടന്നതിന് പിന്നാലെ ഡ്രൈവറും കണ്ടക്ടറും സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. കണ്ണൂർ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അയ്യപ്പൻ ബസാണ് കഴിഞ്ഞ ദിവസം മൂന്ന് വിദ്യാർത്ഥികളെ ഇടിച്ച് വീഴ്ത്തിയത്.
അപകടം നടന്നശേഷം ബസ് ഡ്രൈവര്‍ റോഡിലൂടെ അതിവേഗം ഓടുന്നതും പരിക്കേറ്റവരെ മറ്റു വാഹനങ്ങളില്‍ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ റോഡിലൂടെ പോകുകയായിരുന്ന വാഹനങ്ങളില്‍ നാട്ടുകാര്‍ തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. മടപ്പള്ളി ഗവണ്‍മെന്‍റ് കോളേജ് വിദ്യാർത്ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
Bus hit students in Madapally;The driver who ran away was arrested