(www.thalasserynews.in) വെറും മൂന്നാഴ്ചത്തെ ആലോചനയേ ബി.ജെ.പിയിൽ ചേരാൻ വേണ്ടി വന്നുള്ളൂ എന്ന് മുൻ ഡി.ജി.പി ആർ ശ്രീലേഖ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
നരേന്ദ്ര മോദി പ്രഭാവമാണ് ബി.ജെ.പിയിലേക്കെത്തിച്ചതെന്നും ആർ. ശ്രീലേഖ പറഞ്ഞു. മുപ്പത്തിമൂന്നര വർഷം നിഷ്പക്ഷയായ പോലീസുദ്യോഗസ്ഥയായി സേവനമനുഷ്ഠിച്ചയാളാണ് താനെന്ന് ആർ.ശ്രീലേഖ പറഞ്ഞു.
സേനയിൽ ചേരുന്നതിന് മുൻപെടുത്ത പ്രതിജ്ഞ പോലെ ഒരു പാർട്ടിയിലും ചേരാതെ വളരെ നിഷ്പക്ഷമായാണ് പ്രവർത്തിച്ചത്. ഇപ്പോൾ റിട്ടയർമെന്റിന് ശേഷം പല കാര്യങ്ങളേയും മാറിനിന്ന് കാണാൻതുടങ്ങി. അതിനുശേഷമുള്ള അനുഭവത്തിന്റെയും അറിവിന്റെയും പശ്ചാത്തലത്തിൽ ഇതാണ് ഏറ്റവും നല്ല വഴിയെന്ന് തോന്നിയെന്നും ആർ. ശ്രീലേഖ പറഞ്ഞു. "ജനസമൂഹത്തിന് ഇനിയും സേവനംചെയ്യാൻ ഇതാണ് പറ്റിയ വഴിയെന്ന് തോന്നി. ബി.ജെ.പിയുടെ ആദർശങ്ങളോട് വിശ്വാസമുള്ളതുകൊണ്ട് അവർക്കൊപ്പം നിൽക്കുന്നു എന്നുമാത്രം.
തൽക്കാലം പാർട്ടി അംഗമേ ആയിട്ടുള്ളൂ. ബാക്കി കാര്യങ്ങളെല്ലാം പിന്നീട് ആലോചിക്കും. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്ന് ഇപ്പോൾ പറയാൻപറ്റില്ല. മനസുകൊണ്ട് ബി.ജെ.പിയുടെ ആദർശത്തിനൊപ്പം നിൽക്കുന്നു എന്നുമാത്രം. ഇപ്പോൾ അതുമാത്രമേ പറയാൻ പറ്റൂ.
ഞാനിപ്പോൾ ബി.ജെ.പിക്കൊപ്പം നിൽക്കുന്നു എന്ന സന്ദേശംതന്നെ ഒരു ജനസേവനമല്ലേ?" ശ്രീലേഖ ചോദിച്ചു. നേരത്തെ തന്നെ ശ്രീലേഖയെ ബിജെപിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സംസ്ഥാന നേതൃത്വം നടത്തിയിരുന്നു. മുൻ ഡി.ജി.പിമാരായ ടി.പി.സെൻകുമാർ, ജേക്കബ് തോമസ് എന്നിവർക്ക് പിറകേയാണ് ശ്രീരേഖയുടെ പാർട്ടി പ്രവേശം. കേരള കേഡറിലെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ശ്രീലേഖ
'Modi effect attracted to BJP; I felt that this is the best way to serve the public' - R. Srilekha