(www.thalasserynews.in) ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയോടേറ്റ പരാജയത്തിൽ കോൺഗ്രസിനെ പഴിചാരി സഖ്യകക്ഷികൾ. ഹരിയാനയിൽ ഒറ്റക്ക് മത്സരിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ആദ്യം രംഗത്ത് വന്നത് ഇൻഡ്യ സഖ്യത്തിലെ അംഗമായ ശിവസേന(ഉദ്ധവ് താക്കറെ വിഭാഗം)യാണ്. കോൺഗ്രസിന് വലിയ അഹങ്കാരമായിരുന്നുവെന്നും ഇപ്പോഴത്തെ തോൽവി ചോദിച്ചുവാങ്ങിയതാണ് എന്നുമാണ് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചത്.
ചെറിയ പാർട്ടികളെ കോൺഗ്രസ് കണക്കിലെടുത്തില്ല. ഒറ്റക്ക് വിജയിക്കാമെന്നാണ് കോൺഗ്രസ് കരുതിയതെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. ഹാട്രിക് വിജയം നേടിയ ബി.ജെ.പിയെ പ്രശംസിക്കാനും റാവുത്ത് മറന്നില്ല. ''ഹരിയാനയിൽ കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞില്ല, കാരണം മറ്റാരുടെയും തുണയില്ലാതെ ഒറ്റക്ക് വിജയം നേടാൻ സാധിക്കുമെന്നാണ് അവർ കരുതിയത്. ഒറ്റക്ക് വിജയിക്കാൻ സാധിക്കുമെന്ന് കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയും കരുതി. സമാജ് വാദി പാർട്ടി, എ.എ.പി, മറ്റ് ചെറു പാർട്ടികൾ എന്നിവയുമായി സഖ്യമുണ്ടാക്കിയിരുന്നുവെങ്കിൽ ചിലപ്പോൾ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു.
ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബി.ജെ.പി പയറ്റിയ വഴി വ്യത്യസ്തമായിരുന്നു. പരാജയപ്പെട്ടേക്കാവുന്ന പോരാട്ടമാണ് അവർ തങ്ങൾക്ക് അനുകൂലമാക്കിയത്. കോൺഗ്രസ് വിജയിക്കുമെന്ന് തന്നെ എല്ലാവരും കരുതി. എന്നാൽ അവർ പരാജയപ്പെട്ടു.
വ്യവസ്ഥാപിതമായ ആസൂത്രണങ്ങളിലൂടെ ബി.ജെ.പി വിജയം കൊയ്തു. അവരെ കണ്ടുപഠിക്കണം.''-റാവുത്ത് പറഞ്ഞു. 90 അംഗങ്ങളുള്ള ഹരിയാനയിലെ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 48 ഉം കോൺഗ്രസിന് 37ഉം സീറ്റുകളാണ് ലഭിച്ചത്.
ഇന്ത്യൻ നാഷനൽ ലോക് ദൾ രണ്ടു സീറ്റുകൾ നേടി. ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് ജമ്മുകശ്മീരിൽ ഇൻഡ്യ സഖ്യം മുന്നേറിയതെന്നും റാവുത്ത് കൂട്ടിച്ചേർത്തു. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയിൽ സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസ് ശിവസേന,(ഉദ്ധവ് താക്കറെ) എൻ.സി.പി(ശരദ് പവാർ), സമാജ് വാദി പാർട്ടികളുമായി ചർച്ചകൾ തുടരുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പായി ഇൻഡ്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്ന് സഖ്യകകക്ഷികൾ ആവശ്യപ്പെട്ടു. ഡൽഹിയിൽ ഒറ്റക്ക് മത്സരിക്കാനാണ് എ.എ.പിയുടെ തീരുമാനം
Allies blame Congress in Haryana assembly elections, 'it was big arrogance that asked for the current defeat'