(www.thalasserynews.in)അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ശിഖർ ധവാൻ. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചാണ് ഇടംകൈയന്‍ ബാറ്റര്‍ വിരമിക്കൽ പ്രഖ്യാപിച്ചത്.
ആഭ്യന്തര മത്സരങ്ങളിലും ഇനി കളിക്കില്ലെന്ന് 38കാരനായ ധവാൻ പറഞ്ഞു. 2010ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച താരമാണ് പടിയിറങ്ങുന്നത്. അരങ്ങേറ്റ ടെസ്റ്റിൽ അടക്കം 24 അന്താരാഷ്ട്ര സെഞ്ചുറികൾ 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ശിഖര്‍ ധവാന്‍റെ പേരിലുണ്ട്.
ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ധവാന്‍ പറഞ്ഞു. ഐസിസി ടൂര്‍ണമെന്‍റുകളിലെ മികച്ച പ്രകടനമാണ് ധവാനെ വ്യത്യസ്തനാക്കിയിരുന്നത്. 2004ലെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ മൂന്ന് സെഞ്ചുറികളോടെ 505 റണ്‍സടിച്ചാണ് ശിഖര്‍ ധവാന്‍ രാജ്യാന്തര ശ്രദ്ധ നേടുന്നത്.
ഏകദിനത്തില്‍ 2010ലും ടി20യില്‍ 2011ലും ടെസ്റ്റില്‍ 2013ലുമാണ് ശിഖര്‍ ധവാന്‍ അരങ്ങേറ്റം കുറിച്ചത്. ഏകദിന ഫോര്‍മാറ്റിലായിരുന്നു ധവാന്‍ ഏറ്റവും തിളങ്ങിയത്.167 ഏകദിനങ്ങളില്‍ 44.11 ശരാശരിയിലും 91.35 സ്ട്രൈക്ക്റേറ്റിലും 17 സെഞ്ചുറികളോടെ 6793 റണ്‍സ് അടിച്ചു. 34 ടെസ്റ്റുകളിലാവട്ടെ 7 സെഞ്ചുറികളോടെ 40.61 ശരാശരിയില്‍ 2315 റണ്‍സാണ് സമ്പാദ്യം.
68 രാജ്യാന്തര ടി20കളില്‍ 27.92 ശരാശരിയിലും 126.36 പ്രഹരശേഷിയിലും 1392 റണ്‍സും നേടി. ഐപിഎല്ലില്‍ മികച്ച ബാറ്റിംഗ് റെക്കോര്‍ഡ് ശിഖര്‍ ധവാനുണ്ട്. 222 മത്സരങ്ങളില്‍ 35.07 ശരാശരിയിലും 127.12 സ്ട്രൈക്ക് റേറ്റിലും 6768 റണ്‍സ് സ്വന്തമാക്കി. രണ്ട് സെഞ്ചുറികളും 51 ഫിഫ്റ്റികളും സഹിതമാണിത്. ഡിസംബര്‍ 2022ലായിരുന്നു ധവാന്‍ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്.
2021 ജൂലൈയില്‍ അവസാന രാജ്യാന്തര ട്വന്‍റി 20 കളിച്ചു. 2018ന് ശേഷം ടെസ്റ്റ് ശിഖര്‍ ധവാന്‍ കളിച്ചിരുന്നില്ല. 2015 ലോകകപ്പില്‍ വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 137 റണ്‍സടിച്ചതാണ് ധവാന്‍റെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന്.
Shikhar Dhawan announces his retirement from international cricket