(www.thalasserynews.in) മുഖ്യമന്ത്രി പിണറായി വിജയനുമായി ഇ.പി.ജയരാജൻ കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച.
15 മിനിറ്റോളം ഇരുവരും സംസാരിച്ചു. മുഖ്യമന്ത്രിക്കും ഗവർണർക്കും താമസിക്കാനുള്ള കൊച്ചിൻ ഹൗസ് കെട്ടിടത്തിലേക്ക് തൊട്ടപ്പുറത്തെ കെട്ടിടത്തിൽ താമസിക്കുകയായിരുന്ന ജയരാജൻ എത്തുകയായിരുന്നു.
ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്നു മാറ്റിയ ശേഷം പാർട്ടി നേതാക്കളുമായി അകൽച്ചയിലാണു ജയരാജൻ. അതിനിടെയാണു കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാനാണ് മുഖ്യമന്ത്രിയും ഇ.പി.ജയരാജനും ഇന്നലെ ഡൽഹിയിലെത്തിയത്. ‘‘മുഖ്യമന്ത്രിയോട് പറഞ്ഞത് മാധ്യമങ്ങളോട് പറയാനാകില്ല. മാധ്യമങ്ങളെല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്.
രാഷ്ട്രീയമെല്ലാം അതിന്റെ വേദിയിൽ ചർച്ച ചെയ്യും. യച്ചൂരിയെപ്പറ്റി ചോദിക്കൂ, അത് പറയാം. തെറ്റായുള്ള വ്യാഖ്യാനം വേണ്ട. നശീകരണ വാസനകളില്ലാതെ നിർമാണ താൽപര്യത്തോടെ പ്രവർത്തിക്കണം.
ഞാൻ മുഖ്യമന്ത്രിയെ കാണാറും സംസാരിക്കാറുമുണ്ട്. തിരുവനന്തപുരത്തുള്ളപ്പോൾ സമയം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ട്. ഞങ്ങളൊരു പാർട്ടി കുടുംബത്തിലെ അംഗങ്ങളാണ്.
ഞങ്ങളെല്ലാം സ്നേഹവും ബഹുമാനവും ഉള്ളവരാണ്’’ – ജയരാജൻ പറഞ്ഞു. മുന്നണി കൺവീനർ സ്ഥാനത്തുനിന്നും ഒഴിവാക്കിയ ശേഷം പാർട്ടി കമ്മിറ്റികളിൽ ജയരാജൻ പങ്കെടുത്തിരുന്നില്ല. ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽനിന്നു വിട്ടുനിന്നു.
What was said to the Chief Minister cannot be said; EP Jayarajan meets Pinarayi Vijayan, meeting at Kerala House