വടകര :(www.thalasserynews.in) യുവാക്കളും കെണിയിൽ, വടകരയിൽ നാല് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ. സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും സൈബർ തട്ടിപ്പുകാർക്ക് കൈമാറുകയും മറ്റു വിദ്യാർഥികളെ അക്കൗണ്ട് എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത നാല് വിദ്യാർഥികളെയാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത് .
ഇവരുടെ അക്കൗണ്ടിൽ വന്ന തുക ഭോപാലിലെ പല വ്യക്തികളിൽനിന്നും ഓൺലൈൻ തട്ടിപ്പു വഴി തട്ടിയെടുത്തതായിരുന്നു.
ഭോപാലിൽ റജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണു വടകര സ്വദേശികളായ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.
മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ മാത്രമാണ് തട്ടിപ്പിന്റെ ഗൗരവം വിദ്യാർഥികളും വീട്ടുകാരും തിരിച്ചറിയുന്നത്. ആയഞ്ചേരി പാറക്കൽ മീത്തൽ സ്വദേശി, തീക്കുനി ചേരാപുരം ആയാടക്കണ്ടി സ്വദേശി, വേളം ചെറിയ കക്കുളങ്ങര സ്വദേശി, കടമേരി സ്വദേശികളായ 4 വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്തത്.
വടകര മജിസ്ട്രേട്ട് അവധിയിൽ ആയതിനാൽ ഇവരെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറൻറ് വാങ്ങിയാണ് മധ്യപ്രദേശിലേക്ക് കൊണ്ടുപോയത്. സമാന തട്ടിപ്പിൽ കുടുങ്ങിയ, കേരളത്തിൽ നിന്നുള്ള 2 കോളജ് വിദ്യാർഥികൾ 9 മാസത്തിലേറെയായി പഞ്ചാബിലെ പട്യാല സെൻട്രൽ ജയിലിൽ കഴിയുന്നുണ്ട്.
മൊഹാലിയിൽ ഡോക്ടറെ കബളിപ്പിച്ച സൈബർ സംഘം 61.82 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ഇവർ അറസ്റ്റിലായത്. കൊടുവള്ളി സ്വദേശിയായ വിദ്യാർഥിയെ കഴിഞ്ഞ മാർച്ചിൽ മെഡിക്കൽ കോളജ് പൊലീസും സമാന തട്ടിപ്പിന് അറസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ഇതുവരെ കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മാത്രം ഇരുപതിലേറെ വിദ്യാർഥികളാണ് ഈ വിധത്തിൽ അക്കൗണ്ട് കൈമാറ്റത്തിനു പിടിയിലായത്. സൈബർ തട്ടിപ്പുകാർക്കു പുറമേ ഹവാല പണമിടപാടുകാരും വിദ്യാർഥികളെ സമാന രീതിയിൽ തട്ടിപ്പിന് ഉപയോഗപ്പെടുത്തുന്നുണ്ട്.
ചില വിദ്യാർഥികൾ തട്ടിപ്പാണെന്ന് അറിഞ്ഞു തന്നെ അക്കൗണ്ട് വിവരങ്ങൾ കൈമാറുകയാണ്. എന്നാൽ മറ്റു ചിലരെ ഓൺലൈൻ ട്രേഡിങ്, ക്രിപ്റ്റോ കറൻസി ട്രേഡിങ് എന്നിവയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കുന്നത്.
lust for money; Students and youth trapped, four college students arrested in Vadakara