തിരുവനന്തപുരം: സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയുടെ വില കൂട്ടി. ഒരു ചപ്പാത്തിക്ക് രണ്ട് രൂപയായിരുന്നത് മൂന്ന് രൂപയായി. പത്ത് ചപ്പാത്തി അടങ്ങുന്ന ഒരു പാക്കറ്റിന് ഇനി മുതൽ 30 രൂപയാകും വില. നവംബർ 21 മുതൽ പുതിയ വില നിലവിൽ വന്നു. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷൻ ഹോമുകൾ, ചീമേനി തുറന്ന ജയിൽ, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ല ജയിലുകൾ എന്നിവിടങ്ങളിലാണ് ജയിൽ ചപ്പാത്തി നിർമിക്കുന്നത്.
13 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ജയിൽ ചപ്പാത്തിയുടെ വില കൂട്ടുന്നത്. ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്ക്കിംഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്‍ധനവും വേതനത്തിലുണ്ടായ വര്‍ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
2011ലാണ് ചപ്പാത്തി നിർമാണ യൂണിറ്റുകൾ സ്ഥാപിച്ചത്. ജയിലുകളിൽ തയ്യാറാക്കി പുറത്തുവിൽക്കുന്ന 21 ഇനം ഭക്ഷണങ്ങൾക്ക് ഫെബ്രുവരിയിൽ വിലകൂടിയിരുന്നു. ചിക്കൻ കറി- 30, ചിക്കൻ ഫ്രൈ- 45, ചില്ലി ചിക്കൻ- 65, മുട്ടക്കറി- 20, വെജിറ്റബിൾ കറി- 20, ചിക്കൻ ബിരിയാണി- 70, വെജിറ്റബിൾ ഫ്രൈഡ്‌റൈസ്- 40, മുട്ട ബിരിയാണി- 55, അഞ്ച് ഇഡ്ഡലി, സാമ്പാർ, ചമ്മന്തിപ്പൊടി- 35, ഇടിയപ്പം അഞ്ചെണ്ണം- 30, പൊറോട്ട (നാലെണ്ണം)- 28, കിണ്ണത്തപ്പം- 25, ബൺ- 25, കോക്കനട്ട് ബൺ- 30, കപ്പ് കേക്ക്- 25, ബ്രഡ്- 30, പ്ലംകേക്ക് 350 ഗ്രാം- 100, പ്ലം കേക്ക് 750 ഗ്രാം- 200, ചില്ലി ഗോപി-25, ഊൺ- 50, ബിരിയാണി റൈസ്- 40.
The price of prison chapatis has been increased in the state.