(www.thalasserynews.in) കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള മൂന്നാംഘട്ട തെരച്ചിൽ ഇന്നും തുടരും. അർജുൻ സഞ്ചരിച്ച ലോറിയുടെ ക്യാബിൻ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന. അർജുനടക്കം കാണാതായ മൂന്ന് പേരെയാണ് ഇനി കണ്ടത്തേണ്ടത്.
കാർവാറിൽ നിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് തെരച്ചിൽ. പരിശോധനാ സ്ഥലത്തേക്ക് അർജുന്‍റെ സഹോദരിയും ഇന്ന് എത്തും.
ഇത് അവസാന ശ്രമമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പ്രതികരിച്ചു. ലോറിയുടെ ക്യാബിൻ കണ്ടെത്തിയാൽ അർജുൻ എവിടെ എന്നതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അർജുനന്റെ കുടുംബവും പ്രതികരിച്ചു. 66 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നാം ഘട്ട തെരച്ചിൽ ആരംഭിക്കുന്നത്.
വേലിയേറ്റം ആരംഭിച്ചതോടെ ഇന്നലെ രാവിലെ 10 മണിക്ക് തന്നെ ഡ്രഡ്ജർ ഷിരൂരിന്റെ ലക്ഷ്യമാക്കി നീങ്ങി. കൊങ്കൺ പാത കടന്നു പോകുന്ന മഞ്ജു ഗുണിയിലെ പുതിയ പാലം കടന്ന് അപകട സ്ഥലത്തിന് 200 മീറ്റർ അകലെ നങ്കൂരമിട്ടു. അർജുന്റെ ലോറി ഉണ്ടെന്ന് സംശയിക്കുന്ന സിപി 4 ന് സമീപം ആയിരുന്നു ഇത്. വൈകിട്ട് അഞ്ചുമണിയോടെയാണ് കാർവാർ എംഎൽഎയും ജില്ലാ കലക്ടറും സ്ഥലത്തെത്തിയത്.
തുടർന്ന് ദൗത്യം തുടങ്ങുന്നതിനു മുൻപുള്ള പൂജ നടത്തി. ഇന്നലെ രാവിലെ 11 മണിക്ക് ഡ്രഡ്ജർ ഉപയോഗിച്ച് തെരച്ചിൽ തുടരാനായിരുന്നു പദ്ധതി ഇട്ടതെങ്കിലും ഡ്രഡ്ജർ സ്ഥലത്തെത്താൻ 5.30 ആയി.
ഏതാണ്ട് 20 മിനിറ്റോളം നടത്തിയ പരിശോധനയിൽ ലോറി കണ്ടെത്താൻ ആയില്ല.ലോറിയിൽ വെള്ള ടാങ്ക് ഉറപ്പിക്കുന്ന ഇരുമ്പ് റിങ്ങിന്റെത് എന്ന് സംശയിക്കുന്ന ഇരുമ്പ് ഭാഗം കണ്ടെത്തി. നാളെ രാവിലെ 8:00 മണിക്ക് തെരച്ചിൽ പുനരാരംഭിക്കും. ഉപയോഗിച്ച പരിശോധനയിൽ ലോറിയുടെ സ്ഥാനം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
Third phase of search in Shirur, will Arjun be found? The first consideration is locating the lorry cabin