(www.thalasserynews.in)തൂണേരി മുടവന്തേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ ഇരുപത് പേർക്ക് കടന്നൽ കുത്തേറ്റു. രണ്ടു പേർക്ക് ഗുരുതര പരിക്ക്.
തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മഠത്തിൽ കൊയിലോത്ത് ചന്ദ്രി, കിഴക്കനാണ്ടിയിൽ സീന, നാളൂർതാഴെ കുനിയിൽ സൗമ്യ, നടുക്കണ്ടിതാഴെ കുനിയിൽ ബാലകൃഷ്ണൻ, കളത്തിക്കണ്ടി താഴെ പൊയിൽ സുജാത, ഷാനിഷ് നാളൂർതാഴെ കുനിയിൽ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മറ്റുള്ളവർ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി. തലയ്ക്ക് കുത്തേറ്റ സുജാത (45), തുണ്ടിയിൽ ഷാനിഷ് (40) എന്നിവരെ തലശ്ശേരി ഗവ.ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചന്ദ്രി, സീന, ബാലകൃഷ്ണൻ, എന്നിവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വാർഡുകളിലേക്ക് മാറ്റി.
കളത്തറയിൽ ഒഴിഞ്ഞ പറമ്പിൽ പണി എടുക്കുകയായിരുന്നു തൊഴിലാളികൾ. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുക്കുന്നതിനിടെയാണ് പരിസരത്തെ കടന്നൽക്കൂട് പക്ഷികൾ അക്രമിച്ചത്. ഇതോടെ കൂട്ടത്തോടെ കടന്നലുകൾ ഇളകുകയും തൊഴിലാളികൾക്ക് കുത്തേൽക്കുകയായിരുന്നു.
സുജാതയുടെ ശരീരമാസകലം കുത്തേറ്റതോടെ ഇവർ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. സുജാതയെ രക്ഷിക്കുന്നതിനിടെയാണ് ഷാനിഷിന് കുത്തേറ്റത്.
ഷാനിഷിനെ രക്ഷപ്പെടുത്തുന്നതിനിടെയാണ് ഭാര്യ സൗമ്യയ്ക്കും കുത്തേറ്റത്. ഇതോടെ തൊഴിലാളികൾ ബഹളം വെക്കുകയും നാട്ടുകാർ ഓടിയെത്തുകയും ചെയ്തു. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനിടെയാണ് മറ്റുള്ളവർക്ക് കുത്തേൽക്കുന്നത്.
Wasp attack during job security in Nadapuram; About 20 people were stabbed, two critically