തലശ്ശേരി :(www.thalasserynews.in) 2026 മാർച്ച് മാസത്തോടെ വടകര മാഹി കനാൽ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തുന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി.
വടകര - മാഹി കനാൽ പ്രവർത്തി പുരോഗതി സംബന്ധിച്ച് നിയമസഭയിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വടകര -മാഹി കനാലിന്റെ ഒന്നാം റീച്ചിലെ മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് 96% പൂർത്തിയായതായും, മൂഴിക്കൽ ലോക്കം ബ്രിഡ്ജിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണ പ്രവർത്തി 88 ശതമാനം പൂർത്തിയായതായും, ബാക്കിയുള്ള നാല് കിലോമീറ്റർ ഭാഗത്തുള്ള നിർമ്മാണ പ്രവർത്തികൾ പുരോഗമിച്ചു വരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ചോദ്യത്തിന് ഉത്തരമായി അറിയിച്ചു.
മൂന്നാം റീച്ചിലെ 3.24 കിലോമീറ്റർ ഭാഗത്തുള്ള നിർമ്മാണ പ്രവർത്തികൾ 52 ശതമാനം പൂർത്തിയായി. നാലാം റീച്ചിലെ പ്രവർത്തി 93 ശതമാനം പൂർത്തിയായി.
അഞ്ചാം റീച്ചിലെ പ്രവൃത്തി 90% പൂർത്തിയായി. അഞ്ചാം റീച്ചിലെ കരിങ്ങാലിമുക്കിലെ ലോക്ക് കം ബ്രിഡ്ജ് ബ്രിഡ്ജ് നിർമ്മാണ പ്രവർത്തി 71 ശതമാനം പൂർത്തിയായി.
കോട്ടപ്പള്ളി പാലത്തിൻറെ വിദഗ്ധ പരിശോധനയ്ക്കായി പിഡബ്ല്യുഡിയുടെ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയിരിക്കുകയാണ്. ആയത് ലഭ്യമായ ശേഷം സാങ്കേതിക അനുമതി കൂടി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ആരംഭിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
2026 മാർച്ച് മാസത്തോടുകൂടി വടകര മാഹി കനാല്‍ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത് എന്നും മുഖ്യമന്ത്രി ചോദ്യത്തിന് ഉത്തരമായി അറിയിച്ചതായും
കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ വാർത്താ കുറിപ്പിൽ പറഞ്ഞു.
National Waterways; Vadakara Mahi Canal to be made a reality by March 2026 - CM