ക്രോസ് വോട്ട് പരാമര്‍ശം വിവാദമായതോടെ പാലക്കാട് ഇടത് സ്ഥാനാര്‍ത്ഥി സരിന് നിര്‍ദേശവുമായി സിപിഐഎം നേതൃത്വം. വിവാദ വിഷയങ്ങള്‍ മാധ്യമങ്ങളോടോ വോട്ടര്‍മാരോടോ പറയേണ്ടതില്ലെന്നാണ് നിര്‍ദേശം.
സരിന്‍ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥന നടത്തിയാല്‍ മാത്രം മതിയെന്നും നിര്‍ദേശമുണ്ട്.
കഴിഞ്ഞ ദിവസം സരിന്‍ നടത്തിയ ക്രോസ് വോട്ട് പരാമര്‍ശമാണ് വിവാദമായത്. 2021ല്‍ ബിജെപിയെ പേടിച്ച് ഇടതുപക്ഷം ഷാഫിക്ക് വോട്ട് ചെയ്‌തെന്നും ഇതാണ് ഷാഫി ജയിക്കാന്‍ കാരണമെന്നുമായിരുന്നു സരിന്‍ പറഞ്ഞത്.
ആ ഇടതുപക്ഷത്തെ ഷാഫി വഞ്ചിച്ചു. ഇത്തവണ നിഷേധിക്കാന്‍ പോകുന്നത് 2021ല്‍ ഇടതുപക്ഷം ഷാഫിക്ക് അനുകൂലമായി ചെയ്ത വോട്ടാണെന്നും സരിന്‍ പറഞ്ഞിരുന്നു.
പരാമര്‍ശം വിവാദമായതോടെ തിരുത്തുമായി സരിന്‍ രംഗത്തെത്തി. എല്‍ഡിഎഫിന് ലഭിക്കേണ്ട മതേതര വോട്ടുകള്‍ ഷാഫിക്ക് ലഭിച്ചുവെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു പ്രതികരണം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ലഭിക്കാന്‍ കാരണം ഷാഫിയുടെ കുബുദ്ധിയാണ്. എല്‍ഡിഎഫിന്റെ വോട്ടുകള്‍ ഷാഫി പറമ്പിലിന് ലഭിച്ചിട്ടില്ലെന്നും സരിന്‍ പ്രതികരിച്ചിരുന്നു.
'Controversial issues should not be told to media or voters': CPIM advice to Sarin