തലശേരി:(www.thalasserynews.in)പകർച്ചവ്യാധിക്ക് കാരണമാകുന്ന രീതിയിൽ കൊതുകു പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമയ്ക്ക് തലശ്ശേരി ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 26,500 രൂപ പിഴ ശിക്ഷ വിധിച്ചു. പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ജില്ലയിലെ ആദ്യ പിഴ ശിക്ഷയാണിത്. ക്വാർട്ടേഴ്സ് ഉടമ കോടതിയിൽ പിഴ ഒടുക്കി തടവ് ശിക്ഷയിൽ നിന്നും, നിയമ നടപടികളിൽ നിന്നും ഒഴിവായി.
കഴിഞ്ഞ ആഗസ്റ്റ് 13ന് തലശ്ശേരി നഗരസഭയിലെ കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊതുക് പെരുകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജശ്രീ ക്വാർട്ടേഴ്സ് ഉടമയ്ക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നോട്ടീസ് നൽകുകയും സമയം അനുവദിക്കുകയും ചെയ്തു. എന്നാൽ ക്വാർട്ടേഴ്സ് ഉടമ നിർദ്ദേശങ്ങൾ പാലിക്കാത്തത് രാജശ്രീ ഹെൽത്ത് ഇൻസ്പക്ടർ ടെനിസൻ തോമസിൻ്റെ ശ്രദ്ധയിൽ പെടുത്തി. ഹെൽത്ത് ഇൻസ്പക്ടർ ക്വാർട്ടേഴ്സ് സന്ദർശിച്ച് വീണ്ടും നിർദ്ദേശങ്ങളും സമയവും അനുവദിച്ചു. പക്ഷേ, ക്വാർട്ടേഴ്സ് ഉടമ പ്രശ്നപരിഹാരത്തിനു നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ല. അനുവദിച്ച സമയപരിധി കഴിഞ്ഞതിനാലാണ് ഹെൽത്ത് ഇൻസ്പക്ടർ കോടതിയെ സമീപിച്ചത്. 26500 രൂപയാണ് കോടതി പിഴയായി വിധിച്ചത്. പൊതുജനാരോഗ്യ നിയമത്തിലെ വകുപ്പുകളും, ഭാരതീയ ന്യായസംഹിതയിലെ വകുപ്പുകളും ചേർത്താണ് കേസെടുത്തത്.
സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെയും പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ഇതുപോലുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകേണ്ടിവരുമെന്ന് പ്രാദേശിക പൊതുജനാരോഗ്യ സമിതി ചെയർമാനായ തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുന റാണി ടീച്ചർ അറിയിച്ചു.
First case under Indian Law Code Public Health Act in Thalassery; The court imposed a fine of Rs 26,500 on the owner of the quarters who did not prevent the proliferation of mosquitoes