(www.thalasserynews.in)ഇക്കഴിഞ്ഞ 17 മുതൽ പത്തു ദിവസത്തേക്ക് അടച്ചിട്ട തലശേരി സംഗമം പാലം വെള്ളിയാഴ്ച രാത്രിയിൽ ഗതാഗതത്തിനായി തുറന്നു നൽകും.
റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്ന് ഗതാഗതം ദുഷ്ക്കരമായ തലശ്ശേരി സംഗമം കവലയിൽ റോഡ് നവീകരണത്തിനായാണ് പാലം അടച്ചിട്ടത്.
റോഡിലെ കുഴികളെ തുടർന്ന് തലശേരി പഴയ സ്റ്റാൻ്റിലേക്കും, പുതിയ സ്റ്റാൻ്റിലേക്കുമുള്ള ബസുകൾക്ക് ഉൾപ്പടെ നേരത്തെ ദുരിതയാത്രയായിരുന്നു.
റെയിൽവെ സ്റ്റേഷനിലേക്ക് പോകുകയും, വരികയും ചെയ്യാറുള്ള കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ കുഴികളിലിറങ്ങി പോകുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കിയിരുന്നു.
തൊട്ടടുത്ത് ബസ് സ്റ്റോപ്പായതിനാൽ ബസുകൾ നിർത്തിയിടുന്നതും ദുരിത യാത്രക്ക് ആക്കം കൂട്ടിയിരുന്നു. കുഴികളിൽ നിന്നും കല്ല് തെറിച്ച് യാത്രക്കാർക്ക് പരിക്കേൽക്കുകയും, സ്ഥാപനങ്ങൾക്ക് കേട് പാട് ഉണ്ടാവുകയും ചെയ്തിരുന്നു. പരാതികളേറിയതോടെയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ റോഡ് അടച്ചിട്ട് നവീകരണ പ്രവൃത്തിയാരംഭിച്ചത്. റോഡിൽ ഇൻ്റർ ലോക്ക് പ്രവൃത്തി പൂർത്തിയായി. ദിശാസൂചികാ ബോർഡുകൾ സ്ഥാപിക്കുന്ന ജോലികളാണ് നടക്കുന്നത്. കൂത്തുപറമ്പിലേക്കുള്ള യാത്രക്കാർക്കുള്ള ബസ്സ്റ്റോപ്പ് ജംഗ്ഷനിൽ നിന്നും 10 മീറ്ററോളം അകലത്താക്കിയിട്ടുണ്ട്. തലശേരിയിലേക്കുള്ള യാത്രക്കാർക്കുള്ള ബസ് സ്റ്റോപ്പ് മാറ്റിയിട്ടില്ല. വെള്ളിയാഴ്ച രാത്രി പാലം തുറന്നുകൊടുക്കുന്നതോടെ 10 ദിവസത്തോളമായി യാത്രക്കാർ അനുഭവിക്കുന്ന ദുരിതയാത്രക്ക് സമാപനമാകും.
പാലം അടച്ചതോടെ
തലശ്ശേരി - കൂത്തുപറമ്പ് റോഡിൽ ഇരുഭാഗത്തേക്കും പോകുന്ന തും, വരുന്നതുമായ വലിയ വാഹനങ്ങൾ മേലൂട്ട് പാലം - ടൗൺഹാൾ റോഡ് വഴിയും ചെറിയ വാഹനങ്ങൾ ഇരുഭാഗത്തേക്കും ജൂബിലി റോഡ് - രണ്ടാം ഗേറ്റ് - കീഴന്തിമുക്ക് - ചിറക്കര വഴിയും വഴിതിരിച്ച് വിടുകയായിരുന്നു.
Sangamam flyover will be opened tomorrow