(www.thalasserynews.in)കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ 6 മലയാളികളുൾപ്പെടെ ഏഴ് ഇന്ത്യക്കാർ അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിൽ അഭയം തേടി.
കോഴിക്കോട് വടകര മണിയൂർ എടത്തുംകര അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാരക്കര ചാലു പറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത്, മലപ്പുറം എടപ്പാൾ സ്വദേശി അജ്മൽ, മംഗളൂരു സ്വദേശി റോഷൻ ആന്റണി എന്നിവരാണ് മർദനവും വധഭീഷണിയും അതിജീവിച്ച് രക്ഷപെട്ടത്.
ഇവർക്കു പുറമേ തട്ടിപ്പു സംഘത്തിന്റെ വലയിൽ കുടുങ്ങിയ പേരാമ്പ്ര സ്വദേശി കമ്പനിയിൽ കുടുങ്ങിയിട്ടുണ്ട്. ഇയാളെ രക്ഷിക്കുന്നതിന് എംബസി സഹായത്തോടെ ശ്രമിച്ചുവരുന്നുണ്ട്.
തായ്‌ലൻഡിലെ പരസ്യ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ തട്ടിപ്പുസംഘം കബളിപ്പിച്ചത്. ഒക്ടോബർ 4 നാണ് ചെരണ്ടത്തൂർ സ്വദേശിയായ അനുരാഗ് മുഖേന എട്ടു യുവാക്കൾ തായ്‌ലൻഡിലേക്ക് യാത്ര തിരിച്ചത്.
ഇവരിൽനിന്ന് ഒന്നരലക്ഷം രൂപയും സംഘം കൈപ്പറ്റിയിരുന്നു. എന്നാൽ തായ്‌ലൻഡിനു പകരം കംബോഡിയയിലെ സൈബർ തട്ടിപ്പു കേന്ദ്രത്തിലേക്കാണ് യുവാക്കളെ എത്തിച്ചത്.
അനുരാഗിനു പുറമേ നസിറുദ്ദീൻ, അഥിരഥ്, മുഹമ്മദ് റാസിൽ എന്നീ നാലു പേരും തൊഴിൽ തട്ടിപ്പ് സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് യുവാക്കൾ പറയുന്നു. ഈ സംഘം വൻതുക വാങ്ങി യുവാക്കളെ സൈബർ തട്ടിപ്പ് കമ്പനിക്ക് കൈമാറുകയായിരുന്നെന്നാണ് വിവരം.
അപകടരമായ ജോലിയാണെന്നു മനസിലാക്കിയതോടെ പിൻമാറാൻ ശ്രമിച്ച യുവാക്കളെ തട്ടിപ്പുകാർ പൂട്ടിയിട്ടു. ഭക്ഷണവും വെള്ളവും നൽകാതെ ശാരീരികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്‌തു.
യുവാക്കളിൽ പലർക്കും മർദനത്തിൽ പരുക്കേറ്റിട്ടുണ്ട്. നാട്ടിൽ അറിയിച്ചാൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. ഒടുവിൽ ഒരു ടാക്സി ഡ്രൈവറുടെ സഹായത്തോടെയാണ് യുവാക്കൾ രക്ഷപെട്ട് എംബസിയിൽ അഭയം തേടിയത്. യുവാക്കളുടെ ബന്ധുക്കൾ വടകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
There is no food and water; there is a miracle for Malayalis who are victims of job fraud in Cambodia